കൊല്ലം: റെയിൽവേ അനൗൺസ്‌മെന്റിൽ പ്ലാറ്റ്‌ഫോം മാറിപ്പോയതോടെ ട്രെയിൻ കിട്ടാതെ കുടുങ്ങിയത് 70ഓളം യാത്രക്കാർ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്‌ച വൈകീട്ട് ആറരക്കാണ് സംഭവം.
പുനലൂർ-മധുര എക്‌സ്‌പ്രസിൽ കയറാൻ കാത്തുനിന്ന യാത്രക്കാർക്കാണ് റെയിൽവേ അപ്രതീക്ഷിത ദുരിതം സമ്മാനിച്ചത്. മധുര കണ്ണാശുപത്രിയിൽ തിമിര ശസ്‌ത്രക്രിയക്ക് പോകാൻ കാത്തുനിന്നവരായിരുന്നു യാത്രക്കാരിൽ ഏറെയും.
എല്ലാ ദിവസവും വൈകീട്ട് ആറരക്ക് മധുര ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലാണ് എത്തുന്നത്. മാന്നാർ ഉൾപ്പെടെ ദൂരെനിന്നുമെത്തിയ യാത്രക്കാർ ബുധനാഴ്‌ച പതിവുപോലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്നു. എന്നാൽ, സ്‌റ്റേഷനിൽ നിന്നുള്ള അനൗൺസ്‌മെന്റിൽ മധുര ട്രെയിൻ മൂന്നാം നമ്പർ പ്ലാറ്റ് ഫോമിൽ എത്തുമെന്നാണ് അറിയിച്ചത്.
ഇതോടെ യാത്രക്കാർ ലഗേജുമായി മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പോയി. എന്നാൽ, കുറച്ച് കഴിഞ്ഞതോടെ അമളി തിരുത്തി, ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തുമെന്ന് പുതിയ അറിയിപ്പ് വന്നു. അപ്പോഴേക്കും ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയിരുന്നു.
മൂന്നിൽ നിന്നും ബാഗുകളുമായി രോഗികൾ ഉൾപ്പെടെ യാത്രക്കാർ ഒന്നിലേക്ക് ഓടിയെത്തിയപ്പോഴേക്കും ട്രെയിൻ യാത്ര തുടങ്ങി. ഇതോടെ യാത്രക്കാർ സ്‌റ്റേഷൻ മാസ്‌റ്ററുടെ ഓഫിസിൽകയറി പ്രതിഷേധിച്ചു. തുടർന്ന് യാത്രക്കാരെ 7.30ന് വരുന്ന നാഗർകോവിൽ- ഏറനാട് എക്‌സ്‌പ്രസിൽ കയറ്റിവിടാമെന്ന് അധികൃതർ ഉറപ്പുനൽകി.
ഏറനാട് രാത്രി 10.30ന് നാഗർകോവിൽ എത്തുകയും അതുവരെ കൊല്ലത്ത് നിന്നുപോയ മധുര എക്‌സ്‌പ്രസ് നാഗർകോവിൽ പിടിച്ചിടാമെന്നും ഉറപ്പുനൽകിയാണ് അധികൃതർ തടിയൂരിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.