കൊല്ലം: കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിന്റെ ഉളിയക്കോവിലിലുള്ള ജില്ല സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 10 കോടി രൂപയുടെ നഷ്ടം. വിവിധ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇരുചക്രവാഹനങ്ങൾ, കെട്ടിടവും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചവകയിലാണ് നഷ്ടം കണക്കാക്കുന്നത്.
കെട്ടിടത്തിന്റെ ഇടതുവശത്തായി സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡറിൽ ബുധനാഴ്ച രാത്രി ശക്തമായ മിന്നലേറ്റ് തീപ്പൊരിയുണ്ടായി തീകത്തിയതാകാനാണ് സാധ്യതയെന്ന് അഗ്നിരക്ഷാസേന, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗങ്ങൾ വിലയിരുത്തുന്നു.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധനയിൽ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് വ്യക്തമായിരുന്നു. കെട്ടിടത്തിൽ മിന്നലേൽക്കുന്നത് സമീപവാസിയായ സുജാത കണ്ടതായി കൗൺസിലർ അഭിലാഷ് പറഞ്ഞു. അതേസമയം, രണ്ടര കോടിയുടെ മരുന്നുകൾ അധികം വാങ്ങിയ വിഷയത്തിൽ സംഭരണ കേന്ദ്രത്തിൽ ഓഡിറ്റ് നടക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നും ദുരൂഹതയുണ്ടെന്നുമുള്ള ആരോപണവുമുണ്ട്.
സംഭരണകേന്ദ്രത്തിനും മരുന്ന് ഉൾപ്പെടെ സ്റ്റോക്കിനും ഇൻഷുറൻസ് പരിരക്ഷയുണ്ട്. പുക ശ്വസിച്ച് അസ്വസ്ഥതയെ തുടർന്ന് 17 പേരെ രാത്രിയിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഐ.സി.യുവിൽ ഒരു ആസ്ത്മ രോഗിയെയും വാർഡുകളിൽ ഏഴ്പേരെയും അഡ്മിറ്റ് ചെയ്തു. ഇവരെല്ലാം വ്യാഴാഴ്ച വൈകിട്ടോടെ ആശുപത്രിവിട്ടു.
മണിക്കൂറുകൾനീണ്ട പ്രയത്നത്തിനൊടുവിൽ വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് തീപൂർണമായും അണച്ചത്. അപ്പോഴേക്കും കാർഡ്ബോർഡുകളിൽ സൂക്ഷിച്ചിരുന്ന കുറച്ച് ഐ.വി ഫ്ലൂയിഡ് മാത്രമാണ് ബാക്കിയായത്.
തീപിടിച്ച കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തുണ്ടായിരുന്ന കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരുന്ന മരുന്നുകളും കത്തിച്ചാമ്പലാകാതെ ബാക്കിയായി. എന്നാൽ, ഇത് രണ്ടും ഇനി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ബുധനാഴ്ച രാത്രി തീ അണക്കുംതോറും വീണ്ടും കത്തിയ സാഹചര്യമുണ്ടായിരുന്നത് കണക്കിലെടുത്ത് വ്യാഴാഴ്ച രാവിലെ പുകപോലും ബാക്കിയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അഗ്നിരക്ഷാസേന അംഗങ്ങൾ തിരികെ പോയി തുടങ്ങിയത്. ഉച്ചകഴിഞ്ഞാണ് നടപടിയെല്ലാം പൂർത്തിയാക്കി അവസാന അഗ്നിരക്ഷാസേന വാഹനവും കോമ്പൗണ്ട് വിട്ടത്.
സംഭവത്തിൽ കേസെടുത്ത കൊല്ലം ഈസ്റ്റ് പൊലീസും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ശാസ്ത്രീയ പരിശോധന സംഘവും വിശദ പരിശോധന നടത്തി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് കൂടി കിട്ടുന്നതനുസരിച്ച് അഗ്നിരക്ഷാസേന വിശദ റിപ്പോർട്ട് വെള്ളിയാഴ്ച കലക്ടർക്ക് സമർപ്പിക്കും.
മരുന്നുസംഭരണകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചത് 7.18 കോടിയുടെ മരുന്ന്. കൊല്ലം മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ 97 ആരോഗ്യകേന്ദ്രങ്ങളിലേക്ക് മരുന്ന് പോയിരുന്നത് ഈ കേന്ദ്രത്തിൽനിന്നാണ്. മരുന്ന് കൂടാതെ വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങളും പൂർണമായും നശിച്ചു.
വാക്സിൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന 75 ലക്ഷം രൂപ വിലവരുന്ന ഐ.എൽ.ആർ, എ.സി, സ്റ്റെബിലൈസർ എന്നിവയും കമ്പ്യൂട്ടർ, പ്രിന്റർ ഉൾപ്പെടെ ഉപകരണങ്ങളും നശിച്ചവകയിൽ എട്ട് കോടിയിലേക്ക് നഷ്ടമെത്തും.
കോവിഡ് കാലത്തെ സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവയും കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്നു. സാനിറ്റെസർ, സ്പിരിറ്റ് എന്നിവയിലേക്ക് തീപടർന്നതാണ് അനിയന്ത്രിതമായി ആളിക്കത്തുന്നതിലേക്ക് നയിച്ചത്. മൂന്ന് ഇരുചക്രവാഹനങ്ങളാണ് തീപിടിത്തത്തിൽ നശിച്ചത്. സെക്യൂരിറ്റി ഗോപാലകൃഷ്ണപിള്ള, ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് മരുന്ന് സ്റ്റോക്കുമായെത്തിയ ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ, സംഭരണകേന്ദ്രം ജീവനക്കാരി എന്നിവരുടെ വാഹനങ്ങളാണ് കത്തിയത്.
അടുത്തിടെ അപകടത്തിൽ പരിക്കേറ്റ ജീവനക്കാരിയുടെ വാഹനം ഇവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു. വാടക കെട്ടിടത്തിന്റെ ഭിത്തികളുൾപ്പെടെ ഭൂരിഭാഗവും നശിച്ചിട്ടുണ്ട്. ഇതു കൂടി കണക്കാക്കിയാണ് പത്ത് കോടിയുടെ നാശനഷ്ടം അഗ്നിരക്ഷാസേന കണക്കാക്കുന്നത്.
10 കോടിയോളം രൂപയുടെ മരുന്ന് സ്റ്റോക്ക് സൂക്ഷിക്കുന്ന സംഭരണകേന്ദ്രത്തിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് തീ ആദ്യം തന്നെ നിയന്ത്രിക്കുന്നതിന് തടസ്സമായത്. 10 വർഷത്തിലധികമായി മരുന്ന് സംഭരണകേന്ദ്രം ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, അടിയന്തര സാഹചര്യം നേരിടുന്നതിന് സുരക്ഷ സംവിധാനം ഇല്ലായിരുന്നു.
ബ്ലീച്ചിങ് പൗഡർ ഇരുന്ന സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാരൻ തീകണ്ട് ആളുകളെ കൂട്ടിയപ്പോഴും തീയണക്കാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാസേനയെത്തിയതിന് ശേഷമാണ് തീയണക്കാൻ ശ്രമം ആരംഭിച്ചത്. പെട്ടെന്ന് തീ ആളിപ്പടരുന്ന ബ്ലീച്ചിങ് പൗഡർ ഒരുമിച്ച് കേന്ദ്രത്തിന് മുന്നിലാണ് സൂക്ഷിച്ചിരുന്നത്.
കെട്ടിടത്തിന്റെ ഇരുമ്പ് വാതിലുകളും അഗ്നിരക്ഷാസേനക്ക് അകത്തേക്ക് കയറുന്നതിനും തടസ്സമായി. കെട്ടിടത്തിന്റെ വശങ്ങളിലൂടെ അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് പിന്നിലേക്ക് പോകാനും കഴിഞ്ഞില്ല. കോമ്പൗണ്ടിന് പുറത്ത്കൂടി പിറകിലെത്തിയാണ് തീയണച്ചത്.
സാധനങ്ങൾ അലക്ഷ്യമായി സൂക്ഷിക്കുന്നുവെന്ന പരാതി കേന്ദ്രത്തിനെതിരെ മുമ്പ് ഉയർന്നിരുന്നു. രണ്ടാഴ്ചമുമ്പ്, അയൽവാസികൾക്ക് ബുദ്ധിമുട്ടാകുന്നതരത്തിൽ പഴയ ബ്ലീച്ചിങ് പൗഡർ ഉപേക്ഷിച്ചിരുന്ന സംഭവത്തിൽ കൗൺസിലർ ഉൾപ്പെടെ രേഖാമൂലം പരാതി നൽകി. തുടർന്ന് ഈ ബ്ലീച്ചിങ് പൗഡർ സ്ഥലത്ത്നിന്ന് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.