കൊല്ലം: ഭക്ഷ്യസുരക്ഷവിഭാഗം 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ ഭക്ഷ്യ ഉൽപാദന, വിതരണ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി നടപടിയെടുത്തു. 4811 പരിശോധനകളാണ്ജില്ലയിലുടനീളം നടത്തിയത്. ഗുരുതര വീഴ്ച കണ്ടെത്തിയ 546 സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു. 515 കേസുകളിലായി 27 ലക്ഷത്തിലധികം രൂപയാണ് പിഴയായി ഈടാക്കിയത്. 76 ക്രിമിനൽ കേസുകളും 122 സിവിൽ കേസുകളും എടുത്തു. സാധാരണ പരിശോധനകളും സ്പെഷൽ ഡ്രൈവുകളും ഉൾപ്പെടെ നടത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷയിലെ പ്രധാന വില്ലനായ ഷവർമകടകളിൽ കർശന പരിശോധനകളാണ് ഈ കാലയളവിൽ നടത്തിയത്. ഷവർമ ഉണ്ടാക്കി വിൽപന നടത്തുന്ന 292 കടകളിൽ പരിശോധന നടത്തി പിഴവുകൾ കണ്ടെത്തിയ 114 എണ്ണത്തിന് നോട്ടീസ് നൽകി. അഞ്ച് ലക്ഷം രൂപ പിഴ ഈയിനത്തിൽ ഈടാക്കി. മൊബൈൽ ഫുഡ് പരിശോധന ലബോറട്ടറിയുടെ പ്രവർത്തനവും ഏറെ ഗുണകരമായിട്ടുണ്ട്.
പരിശോധനകളിൽ മാത്രം ഒതുങ്ങുന്നില്ല ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പ്രവർത്തനം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ പദ്ധതികളുടെ നടത്തിപ്പ്, ഭക്ഷ്യസ്ഥാപനങ്ങളുടെ ലൈസൻസ്-രജിസ്ട്രേഷൻ പരിശോധന, അന്നദാനം നടത്തുന്ന ആരാധനാലയങ്ങൾക്ക് നൽകുന്ന ഫോഗ് റേറ്റിങ് പരിശോധന, ഭക്ഷണസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഫോസ്റ്റാക് പരിശീലനം, ഹൈജീൻ റേറ്റിങ് പരിശോധന എന്നിങ്ങനെ പലതരം പ്രവർത്തനങ്ങളാണ് നടത്തുന്നത്.
കഴിഞ്ഞവർഷം ചെറുധാന്യവർഷമായി ആഘോഷിച്ചതിന്റെ ഭാഗമായി വിവിധ മേളകളും സംഘടിപ്പിച്ചിരുന്നു. ഈറ്റ് റൈറ്റ് ഹൈജീൻ റേറ്റിങ്ങിൽ സംസ്ഥാനത്ത് 301 സ്ഥാപനങ്ങളുമായി ഒന്നാമതാണ് ജില്ല. ‘ഈറ്റ് റൈറ്റ്’ മൊബൈൽ ആപ്പിലൂടെ ഈ സ്ഥാപനങ്ങൾ അറിഞ്ഞ് ഭക്ഷണം കഴിക്കാനാകും. ലൈസൻസ് ഡ്രൈവ് പരിശോധനയിലൂടെ നൂറുകണക്കിന് സ്ഥാപനങ്ങളെ ലൈസൻസ്-രജിസ്ട്രേഷൻ പരിധിയിൽ കൊണ്ടുവരാനായിട്ടുണ്ട്.
വരുമാനപരിധി െവച്ച് ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ ഇല്ലെങ്കിൽ 10 ലക്ഷം വരെ പിഴ ലഭിക്കുമെന്നതുൾപ്പെടെ വിവരങ്ങൾ വ്യാപാരികളെ ബോധവത്കരിക്കാനായതാണ് വിജയമായത്.
‘സേവ് ഫുഡ്, ഷെയർ ഫുഡ്’ എന്ന കാമ്പയിനിലൂടെ ഭക്ഷണം ലഭിക്കാത്തവർക്ക് ഭക്ഷണമെത്തിക്കാനുള്ള പണിപ്പുരയിലാണ് ജില്ല അധികൃതർ. ഭക്ഷണം സംഭാവന നൽകാൻ തയാറായി ഡോണർമാർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈകാതെ പദ്ധതി ആരംഭിക്കാനാകുന്ന തരത്തിലാണ് പ്രവർത്തനം മുന്നേറുന്നത്.
ഭക്ഷ്യസുരക്ഷവിഭാഗം ഇപ്പോഴും ഏറ്റവും കൂടുതൽ മുന്നറിയിപ്പ് നൽകുന്നത് ഷവർമയെ കുറിച്ചാണ്. കടകളിൽ നിന്ന് ഷവർമ വാങ്ങുമ്പോൾ ഭക്ഷ്യസുരക്ഷവിഭാഗം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം.
മാർഗനിർദേശങ്ങൾ ഇവ
ഇക്കാലയളവിൽ നശിപ്പിച്ചത് 185.8 കിലോ മത്സ്യമാണ്. കൂടുതൽ പഴകിയതും ഫോർമലിൻ പോലുള്ള രാസവസ്തു കലർത്തിയതാണെന്ന് വ്യക്തമായതുമാണ് നശിപ്പിച്ചത്. ‘ഓപറേഷൻ മത്സ്യ’യിൽ 796 പരിശോധനകളാണ് നടത്തിയത്. 16 ഇടങ്ങളിൽ നോട്ടീസ് നൽകി. സ്റ്റാറ്റ്യൂട്ടറി സാമ്പ്ൾ ഏഴെണ്ണം ശേഖരിച്ചു. 889 സർവയലൻസ് സാമ്പിളുകളുമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.