ഭക്ഷ്യസുരക്ഷപരിശോധന; 2023ൽ നടപടി നേരിട്ടത് 546 സ്ഥാപനങ്ങൾ, 27 ലക്ഷംരൂപ പിഴ ഈടാക്കി
text_fieldsകൊല്ലം: ഭക്ഷ്യസുരക്ഷവിഭാഗം 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ ഭക്ഷ്യ ഉൽപാദന, വിതരണ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി നടപടിയെടുത്തു. 4811 പരിശോധനകളാണ്ജില്ലയിലുടനീളം നടത്തിയത്. ഗുരുതര വീഴ്ച കണ്ടെത്തിയ 546 സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു. 515 കേസുകളിലായി 27 ലക്ഷത്തിലധികം രൂപയാണ് പിഴയായി ഈടാക്കിയത്. 76 ക്രിമിനൽ കേസുകളും 122 സിവിൽ കേസുകളും എടുത്തു. സാധാരണ പരിശോധനകളും സ്പെഷൽ ഡ്രൈവുകളും ഉൾപ്പെടെ നടത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷയിലെ പ്രധാന വില്ലനായ ഷവർമകടകളിൽ കർശന പരിശോധനകളാണ് ഈ കാലയളവിൽ നടത്തിയത്. ഷവർമ ഉണ്ടാക്കി വിൽപന നടത്തുന്ന 292 കടകളിൽ പരിശോധന നടത്തി പിഴവുകൾ കണ്ടെത്തിയ 114 എണ്ണത്തിന് നോട്ടീസ് നൽകി. അഞ്ച് ലക്ഷം രൂപ പിഴ ഈയിനത്തിൽ ഈടാക്കി. മൊബൈൽ ഫുഡ് പരിശോധന ലബോറട്ടറിയുടെ പ്രവർത്തനവും ഏറെ ഗുണകരമായിട്ടുണ്ട്.
പരിശോധനകളിൽ മാത്രം ഒതുങ്ങുന്നില്ല ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പ്രവർത്തനം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ പദ്ധതികളുടെ നടത്തിപ്പ്, ഭക്ഷ്യസ്ഥാപനങ്ങളുടെ ലൈസൻസ്-രജിസ്ട്രേഷൻ പരിശോധന, അന്നദാനം നടത്തുന്ന ആരാധനാലയങ്ങൾക്ക് നൽകുന്ന ഫോഗ് റേറ്റിങ് പരിശോധന, ഭക്ഷണസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഫോസ്റ്റാക് പരിശീലനം, ഹൈജീൻ റേറ്റിങ് പരിശോധന എന്നിങ്ങനെ പലതരം പ്രവർത്തനങ്ങളാണ് നടത്തുന്നത്.
കഴിഞ്ഞവർഷം ചെറുധാന്യവർഷമായി ആഘോഷിച്ചതിന്റെ ഭാഗമായി വിവിധ മേളകളും സംഘടിപ്പിച്ചിരുന്നു. ഈറ്റ് റൈറ്റ് ഹൈജീൻ റേറ്റിങ്ങിൽ സംസ്ഥാനത്ത് 301 സ്ഥാപനങ്ങളുമായി ഒന്നാമതാണ് ജില്ല. ‘ഈറ്റ് റൈറ്റ്’ മൊബൈൽ ആപ്പിലൂടെ ഈ സ്ഥാപനങ്ങൾ അറിഞ്ഞ് ഭക്ഷണം കഴിക്കാനാകും. ലൈസൻസ് ഡ്രൈവ് പരിശോധനയിലൂടെ നൂറുകണക്കിന് സ്ഥാപനങ്ങളെ ലൈസൻസ്-രജിസ്ട്രേഷൻ പരിധിയിൽ കൊണ്ടുവരാനായിട്ടുണ്ട്.
വരുമാനപരിധി െവച്ച് ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ ഇല്ലെങ്കിൽ 10 ലക്ഷം വരെ പിഴ ലഭിക്കുമെന്നതുൾപ്പെടെ വിവരങ്ങൾ വ്യാപാരികളെ ബോധവത്കരിക്കാനായതാണ് വിജയമായത്.
‘സേവ് ഫുഡ്, ഷെയർ ഫുഡ്’ എന്ന കാമ്പയിനിലൂടെ ഭക്ഷണം ലഭിക്കാത്തവർക്ക് ഭക്ഷണമെത്തിക്കാനുള്ള പണിപ്പുരയിലാണ് ജില്ല അധികൃതർ. ഭക്ഷണം സംഭാവന നൽകാൻ തയാറായി ഡോണർമാർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈകാതെ പദ്ധതി ആരംഭിക്കാനാകുന്ന തരത്തിലാണ് പ്രവർത്തനം മുന്നേറുന്നത്.
ഷവർമയിൽ നോക്കണം ഇക്കാര്യങ്ങൾ
ഭക്ഷ്യസുരക്ഷവിഭാഗം ഇപ്പോഴും ഏറ്റവും കൂടുതൽ മുന്നറിയിപ്പ് നൽകുന്നത് ഷവർമയെ കുറിച്ചാണ്. കടകളിൽ നിന്ന് ഷവർമ വാങ്ങുമ്പോൾ ഭക്ഷ്യസുരക്ഷവിഭാഗം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം.
മാർഗനിർദേശങ്ങൾ ഇവ
- പ്രാഥമികഘട്ട ഉൽപാദനസ്ഥലം വൃത്തിയുള്ളതായിരിക്കണം. ഷവർമ ഉൽപാദനത്തിന് ഉപയോഗിക്കുന്ന സ്റ്റാൻഡ്, ടേബിൾ എന്നിവ തുറന്നുവെക്കരുത്. ഉൽപാദനസ്ഥലം ജോലി ചെയ്യാൻ അനുയോജ്യമായിരിക്കണം.
- ക്രോസ് കണ്ടാമിനേഷൻ തടയുന്നതിന് വേണ്ടി ഷവർമ സ്റ്റാൻഡിൽ കോണിൽ നിന്നുള്ള ഡ്രിപ് ശേഖരിക്കാൻ ട്രേ സജ്ജീകരിക്കണം
- ഇറച്ചി മുറിച്ചുമാറ്റുന്നതിനുള്ള കത്തി വൃത്തിയുള്ളതും അണുമുക്തവുമായിരിക്കണം
- ഷവർമ ഉൽപാദനത്തിന് ഉപയോഗിക്കുന്ന ഫ്രീസറുകൾ (-18 ഡിഗ്രിസെൽഷ്യസ്), ചില്ലറുകൾ (4 ഡിഗ്രിസെൽഷ്യസ്) വൃത്തിയുള്ളതാകണം. കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കണം.
- പെഡൽ ഓപറേറ്റഡ് വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കണം. കൃത്യമായ ഇടവേളകളിൽ മാലിന്യം മാറ്റണം.
- ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെയർ ക്യാപ്, കൈയുറ, വൃത്തിയുള്ള ഏപ്രൺ എന്നിവ ധരിക്കണം
- ഷവർമ നിർമാണത്തിൽ ഏർപ്പെടുന്നവർക്കും കൈകാര്യം ചെയ്യുന്നവർക്കും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം
- ഷവർമ, മയോണൈസ്, സാലഡ് എന്നിവ നിർമിക്കുന്നതിനുള്ള ഇറച്ചി, മറ്റ് ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ ഉള്ള കച്ചവടക്കാരിൽ നിന്നുമാത്രം ശേഖരിക്കുക
- ഭക്ഷ്യസുരക്ഷാ നിയമം നിഷ്കർഷിക്കുന്ന ലേബൽ വിവരങ്ങൾ ഉള്ള കുബ്ബൂസ്/ബ്രെഡ് എന്നിവ മാത്രം ഉപയോഗിക്കുക
- ഷവർമ കോൺ ഉണ്ടാക്കിയ ശേഷം ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ അടിയന്തരമായി ഫ്രീസറിലോ ചില്ലറിലോ സൂക്ഷിക്കണം.
- മയോണൈസ് ഉൽപാദനത്തിന് പച്ച മുട്ടക്കുപകരം പാസ്റ്ററൈസ് ചെയ്ത മുട്ട ഉപയോഗിക്കണം. മയോണൈസ് അന്തരീക്ഷ ഊഷ്മാവിൽ രണ്ട് മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കരുത്.
- പാക്കറ്റ് മയോണൈസ് ആദ്യ ഉപയോഗത്തിനുശേഷം ബാക്കിവരുന്ന ഭാഗം 4 ഡിഗ്രിസെൽഷ്യസിൽ താഴെ സൂക്ഷിക്കണം. രണ്ട് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കരുത്.
നശിപ്പിച്ചത് 185 കിലോ മത്സ്യം
ഇക്കാലയളവിൽ നശിപ്പിച്ചത് 185.8 കിലോ മത്സ്യമാണ്. കൂടുതൽ പഴകിയതും ഫോർമലിൻ പോലുള്ള രാസവസ്തു കലർത്തിയതാണെന്ന് വ്യക്തമായതുമാണ് നശിപ്പിച്ചത്. ‘ഓപറേഷൻ മത്സ്യ’യിൽ 796 പരിശോധനകളാണ് നടത്തിയത്. 16 ഇടങ്ങളിൽ നോട്ടീസ് നൽകി. സ്റ്റാറ്റ്യൂട്ടറി സാമ്പ്ൾ ഏഴെണ്ണം ശേഖരിച്ചു. 889 സർവയലൻസ് സാമ്പിളുകളുമെടുത്തു.
പരിശോധന കണക്കുകൾ ഇങ്ങനെ
- ആകെ പരിശോധന: 4811
- സ്റ്റാറ്റ്യൂട്ടറി സാമ്പ്ൾ എടുത്തത്: 630
- സർവയലൻസ് സാമ്പ്ൾ എടുത്തത്: 1794
- വീഴ്ചകൾ പരിഹരിക്കാൻ നോട്ടീസ് നൽകിയത്: 553
- മെച്ചപ്പെടുത്താൻ നോട്ടീസ് നൽകിയത്: 25
- അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്: 546
- പിഴ ഈടാക്കിയത്: 27,89,500 രൂപ
- സിവിൽ കേസ് എടുത്തത്: 122
- ക്രിമിനൽ കേസ് എടുത്തത്: 76
- മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബ് സാമ്പ്ൾ എടുത്തത്: 1582
- ആര്യങ്കാവ് ചെക്പോസ്റ്റിൽ നടത്തിയ പ്രത്യേക പരിശോധനകൾ: 16
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.