കരുനാഗപ്പള്ളി: നഗരസഭ പതിനൊന്നാം വാർഡിലെ പാറ്റോലി തോട്ടിൽ മാലിന്യം തളളുന്നത് തടയാൻ നപടിയില്ല. തോട് കടന്നുപോകുന്ന സി.എം.എ ജങ്ഷനിൽ റോഡിന് കുറുകെയുള്ള പാലത്തിന്റെ ഇരുവശവും വൻതോതിൽ മാലിന്യം കൂടിക്കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം, ജൈവ അവശിഷ്ടങ്ങൾ തുടങ്ങിയവ കുന്നുകൂടിയതോടെ മഴക്കാലമെത്തിയാൽ നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യമുണ്ട്. ഇത് സമീപവസികൾക്ക് ദുരിതമായി മാറുന്നു.
ശക്തമായ മഴയെത്തിയാൽ തോട് കരകവിഞ്ഞെത്തുന്ന മലിനജലവും മാലിന്യവും പരിസരത്തുതന്നെ തങ്ങി നിൽക്കുന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ പേരിൽ നഗരസഭ എല്ലാവർഷവും ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും ഫലമുണ്ടാവുന്നില്ല. ഈ വർഷവും മഴ വരുന്നതോടെ പാറ്റോലി തോട് കരകവിഞ്ഞൊഴുകാനുള്ള സാധ്യതാണുള്ളത്.
ഇത് വയറിളക്കം, ഛർദ്ദി, വൈറൽ പനി തുടങ്ങിയ രോഗങ്ങൾ കുട്ടികളിലടക്കം പിടിപെടാൻ കാരണമാകുമെന്ന ആശങ്കയാണ് ഈ മേഖലയിലുള്ളവർക്ക്. മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.