ആ​ദി​ൽ മു​ഹ​മ്മ​ദ്​

ആദിലിന്‍റെ ദുരൂഹമരണം; തമിഴ്നാട് സി.ബി.സി.ഐ.ഡി അന്വേഷിക്കണമെന്ന് പിതാവ്

കടയ്ക്കൽ: ആദിൽ മുഹമ്മദിന്റെ ദുരൂഹ മരണം തമിഴ്നാട് സി.ബി.സി.ഐ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പിതാവ് നിവേദനം നൽകി. തുടർ നടപടിക്കായി നിവേദനം തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി. ചടയമംഗലം നിലമേൽ പാങ്ങൂട് പുത്തൻവീട്ടിൽ നജീബാണ് മകന്റെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

തമിഴ്നാട്ടിൽെവച്ച് കഴിഞ്ഞ മെയ് ആറിന് വൈകീട്ടാണ് ആദിൽ മുഹമ്മദിനെ (14) കാണാതായത്. പെരുന്നാൾ ആഘോഷിക്കാൻ മാതാവ് സുജിതയുടെ നാഗർകോവിലെ കുടുംബവീട്ടിൽ എത്തിയതായിരുന്നു. സമീപത്തെ കുട്ടികളോടൊപ്പം കളിക്കാൻ പോയതുമുതൽ കാണാതാകുകയായിരുന്നു.

രണ്ടുദിവസം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ ആദിലിനെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു.ആദിലിന്റെ ചെരിപ്പുകൾ സമീപത്തെ കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നാണ് ലഭിച്ചത്.

ശരീരത്തിൽ ഷർട്ട് ഉണ്ടായിരുന്നില്ല. കഴുത്തിൽ കയർ മുറുക്കിയതിന് സമാനമായ പാട് ഉണ്ടായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ സംശയം തോന്നിയ പൊലീസ് ആദിലിന്റെ കൂട്ടുകാരെ അടക്കം ചോദ്യം ചെയ്തിരുന്നു.

പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെതുടർന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെടുകയും ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കന്യാകുമാരി ജില്ലയിലെ അഡീഷനൽ പൊലീസ് സൂപ്രണ്ട് എ. വേൽ മുരുകന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും പുരോഗതിയുണ്ടായില്ല.

ഇതോടെയാണ് പിതാവ് നജീബ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്. സമീപത്ത് താമസിക്കുന്നയാളുടെ 14കാരനായ മകൻ ബലംപ്രയോഗിച്ച് കളിക്കാനായി ആദിലിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് നജീബ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്.

വൈകുന്നേരമായിട്ടും കുട്ടി തിരികെ എത്താത്തതിനെതുടർന്ന് വീട്ടുകാർ തിരക്കിയിറങ്ങി. തനിച്ച് നിൽക്കുകയായിരുന്ന സമീപത്തെ കുട്ടിയോട് ആദിലിനെക്കുറിച്ച് ചോദിച്ചപ്പോൾ എങ്ങോട്ട് പോയെന്ന് അറിയില്ലെന്നായിരുന്നു മറുപടി. പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോൾ വെളുത്ത ടീഷർട്ടിട്ട ഒരു കുട്ടി ആദിലിനെ കൂട്ടിക്കൊണ്ടുപോയെന്നായിരുന്നു അയൽവാസിയായ കുട്ടിയുടെ മൊഴി.

സമീപത്തെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഈ മൊഴി തെറ്റാണെന്ന് ബോധ്യപ്പെട്ടതായി ആദിലിന്റെ പിതാവ് പരാതിയിൽ പറയുന്നു. കേസ് സി.ബി.സി.ഐ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി ടി. ഉദയചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. എസ്. കാർത്തികേയൻ കത്ത് നൽകി.

Tags:    
News Summary - Adil's mysterious death-Father wants Tamilnadu CBCID to investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.