കടയ്ക്കല്‍: ഹോട്ടല്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെടെ 25 പേർ കടയ്ക്കല്‍ താലൂക്കാശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ല.
സംഭവത്തെതുടര്‍ന്ന് അധികൃതര്‍ പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു. കടയ്ക്കല്‍ അമ്പലം റോഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഹോട്ടലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഇവിടെനിന്ന് രാത്രിയില്‍ ഇറച്ചി വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്. ഛര്‍ദി, വയറുവേദന, വയറിളക്കം, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഫുഡ് ആൻഡ് സേഫ്ടി ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. എന്നാല്‍, അന്നേദിവസം പാചകം ചെയ്ത സാധനങ്ങള്‍ വില്പന നടത്താന്‍ അനുവദിക്കുകയും ചെയ്തു. ഇത് വിവാദമായതിനെതുടര്‍ന്ന് ഹോട്ടല്‍ അടച്ചിടാന്‍ അധികൃതര്‍ നോട്ടീസ് നല്‍കുകയും റിപ്പോര്‍ട്ട് ഫുഡ് ആന്‍ഡ് സേഫ്റ്റി അസി. കമീഷണര്‍ക്ക് കൈമാറുകയും ചെയ്തു. പഴകിയ ആഹാരസാധനങ്ങള്‍ കഴിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടമക്കെതിരെ പൊലീസ് കേസെടുത്തു.
സ്ഥാപനത്തിെൻറ ലൈസന്‍സ് റദ്ദാക്കാന്‍ ഗ്രാമപഞ്ചായത്തിന് പൊലീസ് നോട്ടീസ് നല്കി. പൊലീസ് ശേഖരിച്ച ആഹാരസാമ്പിളുകള് കൂടുതല്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.