കടയ്ക്കൽ: ചരിത്രത്തിൽ അർഹമായ ഇടം കിട്ടാതെപോയ സ്വാതന്ത്ര്യസമര പോരാട്ടമായ കടയ്ക്കൽ വിപ്ലവത്തിന് ഇന്ന് 85 വയസ്സ്. 1938ൽ കടയ്ക്കലിൽ നടന്ന കർഷകവിപ്ലവത്തിൽ സർ സി.പിയുടെ കിരാതവാഴ്ചയും അധികാരവും എട്ട് ദിവസത്തേക്ക് തുരത്തി കടയ്ക്കൽ സ്വതന്ത്ര രാജ്യമായി മാറുകയായിരുന്നു. 1938 സെപ്റ്റംബർ 26 നാണ് കടയ്ക്കലിൽ കലാപം തുടങ്ങിയത്.
കടയ്ക്കൽ ചന്തയിൽ കരാറുകാർ ഏർപ്പെടുത്തിയ അന്യായമായ ചന്തപ്പിരിവിനെതിരെയാണ് സമരത്തിന്റെ തുടക്കം. കാർഷിക വിളകളായിരുന്നു ചന്തയിലെ മുഖ്യ വിൽപനവസ്തു. അതിനാൽതന്നെ കർഷകരുടെ രോഷമാണ് കലാപത്തിൽ അണപൊട്ടിയത്. അന്യായമായ പിരിവിനെതിരെ ഒരുഘട്ടത്തിൽ നാട്ടുകാർ സംഘടിച്ച് കരാറുകാരോട് നികുതി വിവരപ്പട്ടിക എഴുതിവെക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, അത് കണക്കിലെടുക്കാതെ നാലും അഞ്ചും ഇരട്ടിത്തുക ചന്തക്കരമായി കരാറുകാർ ചുമത്തി.
അന്യായമായി പിരിവിന് വിധേയമാകാതെ സാധനങ്ങൾ ചന്തക്കകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല. സെപ്റ്റംബർ 26ന് ജനം ചന്തക്ക് പുറത്ത് ഒത്തുകൂടിയതിനെതുടർന്ന് സ്റ്റേറ്റ് കോൺഗ്രസ് നേതാവ് കിളിമാനൂർ ശങ്കരപ്പിള്ള ചന്തക്ക് മുന്നിൽ ജനങ്ങളോട് സംസാരിച്ചു. നിയമലംഘനം നടത്തണമെന്നും സർക്കാർ ഓഫിസുകളുടെയും സ്കൂളുകളുടെയും പ്രവർത്തനം സ്തംഭിപ്പിക്കണമെന്നുമായിരുന്നു ആഹ്വനം.
ചന്തക്ക് പുറത്ത് സമാന്തര ചന്ത നടത്തി. പാതയുടെ ഇരുവശങ്ങളിലുമിരുന്ന് ആളുകൾ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്തു. ആദ്യം കുറേസമയം കരാറുകാരും ഗുണ്ടകളും നോക്കിനിന്നു. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രകടനം അതുവഴി പോയതോടെ കരാറുകാർ പ്രകോപിതരായി. അവർ സമാന്തര ചന്തയെ ആക്രമിച്ചു. ജനങ്ങളെ ആക്രമിക്കാൻ പൊലീസും ഒപ്പം ചേർന്നു. ജനം തിരിച്ചടിച്ചു.
ആളുകൾ അടുത്ത ചന്ത ദിവസമായ സെപ്റ്റംബർ 29ന് വീണ്ടും ഒന്നിച്ചു. ക്ഷേത്രമൈതാനിയിൽ പൊതുയോഗം നടത്താനായിരുന്നു തീരുമാനം. രാവിലെ ഒമ്പതിന് എത്തിയ സേന ജനത്തെ മർദിച്ചു. ഈ സമയത്ത് ചിതറയിൽനിന്ന് ജാഥയായി സമരക്കാർ കടയ്ക്കൽ ഭഗവതി ക്ഷേത്ര മൈതാനത്തേക്ക് പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു. തൃക്കണ്ണാപുരം പാങ്ങലുക്കാടുവെച്ച് ജാഥ തടഞ്ഞു. സമരക്കാർ പൊലീസുമായി ഏറ്റുമുട്ടി. സമരക്കാർ വീണ്ടും ഒന്നിക്കുകയും ജാഥയായി കടയ്ക്കലിലേക്ക് നീങ്ങുകയും ചെയ്തു. ജാഥ കടയ്ക്കലിൽ എത്തിയപ്പോൾ പൊലീസ് ഔട്ട്പോസ്റ്റ് ആക്രമിക്കാൻ നിശ്ചയിച്ചു. പൊലീസുകാർ ആരുമില്ലാതിരുന്ന ഔട്ട് പോസ്റ്റ് പ്രക്ഷോഭകർ ആക്രമിച്ചു. സ്റ്റേഷന്റെ മുഴുവൻ ഓടുകളും എറിഞ്ഞു തകർത്തു.
സമരക്കാരെ നേരിടാൻ പട്ടാളം വന്നതോടെ കലാപകാരികൾ നാടൻ ബോംബ് എറിഞ്ഞു. സ്ഫോടനം നടന്നയുടൻ രണ്ടു പട്ടാളവണ്ടികളിൽ ഒന്ന് മടങ്ങിപ്പോകാനായി തിരിക്കവെ വയലിലേക്ക് മറിഞ്ഞ് പട്ടാളക്കാർക്ക് പരിക്കേറ്റു. തുടർന്ന് കലാപകാരികൾ കാര്യത്തെ കലുങ്ക് പൊളിച്ചു. കലുങ്കിന്റെ സമീപമുണ്ടായിരുന്ന തേക്കുമരങ്ങൾ വെട്ടി റോഡിലിട്ടു.
കടയ്ക്കൽ കേന്ദ്രമായി സ്വതന്ത്ര രാജ്യം പ്രഖ്യാപിക്കപ്പെട്ട വാർത്ത രാജ്യമാകെ പരന്നു. കലാപകാരികൾ കടയ്ക്കൽ രാജാവായി പുതിയ വീട്ടിൽ രാഘവൻപിള്ളയെയും മന്ത്രിമാരായി പരമേശ്വരൻപിള്ളയെയും ചന്തിരൻ കാളിയമ്പിയെയും തെരഞ്ഞെടുത്തതായാണ് ചരിത്രം.
കടയ്ക്കൽ വിപ്ലവം കേരളചരിത്രത്തിൽ വലിയരീതിയിൽ ഒരിക്കലും ഉയർത്തിക്കാട്ടാത്ത പോലെതന്നെ സമഗ്രമായ ചരിത്രവും എഴുതപ്പെട്ടില്ല. 1995 ൽ കിട്ടാവുന്ന വസ്തുതകൾ എല്ലാംവെച്ച് ‘കടയ്ക്കൽ കത്തിപ്പടർന്ന വിപ്ലവജ്വാല’ എന്ന പേരിൽ കടയ്ക്കൽ എൻ. ഗോപിനാഥൻ പിള്ള പുസ്തകം എഴുതിയതാണ് ആദ്യത്തെ ചരിത്ര ഉദ്യമം. പഞ്ചായത്ത് മുൻകൈയെടുത്താണ് കടയ്ക്കൽ സമര സ്മാരകം സ്ഥാപിച്ചത്. പുതുതലമുറയക്ക് വേണ്ടി കടയ്ക്കൽ സർവിസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ സമരഭാഗങ്ങൾ സ്മാരകത്തിൽ കൊത്തിവെച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.