കടയ്ക്കൽ: താലൂക്ക് ആശുപത്രിയുടെ വികസനത്തിന് സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് വിവാദം തുടരുന്നു. സ്ഥലപരിമിതി ഏറെയുള്ള താലൂക്ക് ആശുപത്രിക്ക് ബഹുനില കെട്ടിടം നിർമിക്കുന്നതിന് 10 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. കടയ്ക്കൽ പഞ്ചായത്തിന്റെ കൈവശമുള്ള റവന്യുഭൂമിയിൽനിന്ന് ഇതിനായി 22 സെൻറ് സ്ഥലം വിട്ടുനൽകാനും ഉത്തരവായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് ഹൈക്കോടതിയിൽ കേസ് ഹരജി നൽകിയതിനാൽ സ്ഥലം കൈമാറ്റം തടസ്സപ്പെട്ടിരിക്കുകയാണ്.
സി.പി.എം മുന്നണി ഭരിക്കുന്ന പഞ്ചായത്തിൽ ആശുപത്രി വികസനം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിവിധ രാഷ്ട്രിയ പാർട്ടികൾ രംഗത്തെത്തി. ആയിരത്തിലധികം രോഗികൾ ദിവസേന ഒ.പിയിലും നൂറുകണക്കിന് രോഗികൾ കിടത്തിചികിത്സക്കുമായെത്തുന്ന ആശുപത്രിയിൽ സ്ഥലപരിമിധി ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ആശുപത്രിക്ക് ഭൂമി വിട്ടുനൽകുന്ന വിഷയത്തിൽ ചിലർ രാഷ്ട്രീയ ലാഭത്തിന് വേണ്ടിതെറ്റിദ്ധാരണ പരത്തുകയാണെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്. 2008 വരെ ഈഭൂമിക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ കരം അടച്ചിരുന്നതാണ്. എന്നാൽ, പ്രയാർ ഗോപാലകൃഷ്ണൻ എം.എൽ.എയായിരുന്നപ്പോൾ പഞ്ചായത്ത് ഭൂമി റവന്യൂ ഭൂമിയാക്കി മാറ്റുകയായിരുന്നുവെന്നും ആശുപത്രി വികസനം സംബന്ധിച്ചും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ചും ചിലർ തെറ്റിദ്ധാരണ പരത്തുന്നതായും ഇവർ പറയുന്നു. രേഖകളിലടക്കമുണ്ടായ ഈ മാറ്റമാണ് തർക്കത്തിനിടയാക്കിയത്. ഇതിനെതിരെ സർക്കാറിനെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഭൂമിയിൽനിന്ന് 22 സെൻറ് സ്ഥലം പുതിയ കെട്ടിടം നിർമിക്കുന്നതിന് വിട്ടുനൽകാനും ബാക്കി ഭൂമി പഞ്ചായത്തിന്റെ പേരിൽ പോക്കുവരവ് നടത്തി നൽകാനും മന്ത്രി ചിഞ്ചുറാണിയുടെയും കലക്ടറുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. റവന്യു മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്ന് പ്രശ്നത്തിന് അടിയന്തിര നടപടിയുണ്ടാക്കാനും തീരുമാനം എടുത്തിരുന്നു.
ആശുപത്രിയുടെ പൊതുവികസനത്തിന് കഴിഞ്ഞകാലങ്ങളിൽ ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തിരുന്നു. എന്നാൽ ഭൂമി കൈമാറ്റം അനന്തമായി നീളുകയാണ്. ഈ ഭൂമിയിൽ പുതിയ കെട്ടിടംവന്നാൽ മാത്രമേ കടയ്ക്കൽ താലൂക്കാശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് സഹായകമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.