കടയ്ക്കൽ: യുദ്ധനടുവിൽനിന്ന് നബിന മടങ്ങിയെത്തിയ ആശ്വാസത്തിലാണ് 'മന്നത്ത്'. യുക്രെയ്നിൽ യുദ്ധം തുടങ്ങിയതു മുതൽ പ്രാർഥനയിലായിരുന്നു നബിനയുടെ വീടും കുടുംബാംഗങ്ങളും. ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് കാഞ്ഞിരത്തുംമൂട് മന്നത്തിൽ എം.എം. നസീറിന്റെയും ബുഷ്റയുടെയും മകൾ നബിന നസീർ.
48 മണിക്കൂറെടുത്താണ് യാത്ര പൂർത്തിയാക്കിയതെന്നും ഭീദിതമായ അവസ്ഥയിലായിരുന്നു യാത്രയെന്നും നബിന പറയുന്നു. റുമേനിയൻ അതിർത്തിവരെ യൂനിവേഴ്സിറ്റിയിൽനിന്ന് ഏർപ്പെടുത്തിയ വാഹനത്തിൽ യാത്ര തിരിച്ചെങ്കിലും അഭയാർഥി പ്രവാഹത്തിൽ റോഡുകൾ ബ്ലോക്കായതിനാൽ കിലോമീറ്ററുകളോളം നടന്നാണ് നബിനയും മറ്റ് വിദ്യാർഥികളും അതിർത്തി കടന്നത്. റുമേനിയയിൽ നിന്ന് ഡൽഹിയിലിറങ്ങി ചെന്നൈ വഴിയാണ് നാട്ടിൽ മടങ്ങിയെത്തിയത്.
ഡൽഹിയിൽ നിന്നുള്ള യാത്രക്ക് സംസ്ഥാന സർക്കാറിന്റെ സഹായം ലഭിച്ചതായി നബിന പറഞ്ഞു.
കൊല്ലം: യുക്രെയ്നിന്റെ തെക്കൻ നഗരമായ മികോലെയ്വിലെ ഹോസ്റ്റലിന് തൊട്ടരികെ ബോംബുകൾ വീണ് കത്തിയമരുന്ന കെട്ടിടങ്ങൾക്കും നിരന്തരം മുഴങ്ങുന്ന അപകട സൈറണുകൾക്കും ഇടയിൽനിന്ന് നാട്ടിലൊന്ന് എത്തിയാൽ മതിയെന്ന് പറയുകയാണ് കൊല്ലം കൂട്ടിക്കട സ്വദേശിനി നജ്മി. തങ്ങളുടെ ഏജൻസി ഒഴിപ്പിക്കലിന് ദ്രുതഗതിയിൽ ശ്രമിക്കുകയാണെന്ന് പറയുമ്പോൾ എത്രയും പെട്ടെന്ന് വീടണയാമെന്ന പ്രത്യാശയാണ് ഈ മെഡിക്കൽ വിദ്യാർഥിനി പങ്കുെവച്ചത്.
മാൾഡോവ അതിർത്തി വഴി രക്ഷപ്പെടാനുള്ള ശ്രമം നടക്കുമ്പോഴും ഒഴിപ്പിക്കലിന് വെല്ലുവിളിയാകുന്നത് പാലങ്ങളും റെയിൽവേ സംവിധാനങ്ങളും തകർത്തെറിഞ്ഞ ആ ആക്രമണങ്ങളാണ്. പെട്രോ മൊഹില ബ്ലാക്ക് സീ നാഷനൽ യൂനിവേഴ്സിറ്റിയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ നജ്മിയുടെയും സുഹൃത്തുക്കളുടെയും അവസ്ഥയോർത്ത് നാട്ടിൽ കുടുംബം ഉരുകിക്കഴിയുകയാണ്. മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് ദാറുൽ സലാമിൽ നുജുമുദീൻ-ഷെമീന ദമ്പതികളുടെ മകളാണ് നജ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.