കടയ്ക്കൽ: നാടൻ പന്തുകളുടെ പെരുമയുമായാണ് കിഴക്കൻ ഗ്രാമീണദേശങ്ങൾ ഓണത്തെ വരവേറ്റത്. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിർത്തിയിലുള്ള ഗ്രാമങ്ങളാണ് നാടൻപന്തുകളുടെ പെരുമ പേറുന്നത്. കൊട്ടാരക്കര, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകളുടെ അടുത്തടുത്ത ഭാഗങ്ങളിൽ പതിവുതെറ്റാതെ എല്ലാ ഓണക്കാലത്തും നടന്നുവരുന്ന നാടൻ പന്തുകളിക്കുവേണ്ടി കുമ്മിൾ പഞ്ചായത്തിലെ തച്ചോണം ദേശത്താണ് പന്തുകൾ രൂപപ്പെടുത്തുന്നത്. ഉത്രാടം മുതൽ ഇരുപത്തെട്ടാം ഓണം വരെ വീറും വാശിയോടുമാണ് ഈ മേഖലകളിൽ നാടൻ പന്തുകളി മത്സരം നടത്തുന്നത്. റബർ പാൽ കൊണ്ട് പ്രത്യേക രീതിയിൽ നിർമിച്ച പന്തുകൊണ്ടാണ് കളി. ഒരു ടീമിൽ അഞ്ചുപേർ വീതമാണ് പങ്കെടുക്കുന്നത്. കടയ്ക്കൽ, കല്ലറ മേഖലകളിലെ ക്ലബുകളുടെ ഓണാഘോഷ പരിപാടികളിൽ പ്രധാന ഇനം നാടൻ പന്തുകളിയാണ്.
മറ്റു പല നാടൻകളികളേയും പോലെ തലമുറകൾ കൈമാറി വന്ന കളിയാണ് നാടൻ പന്തുകളി. തച്ചോണത്തെ വട്ടകൈത കുടുംബമാണ് കാലങ്ങളായി കളിക്കുവേണ്ടുന്ന പന്തുകൾ തയാറാക്കിയിരുന്നത്. ഓണക്കാലത്ത് വിവിധ ഇടങ്ങളിൽനിന്ന് നിരവധി പേരാണ് പന്തു തേടി ഇവിടെ എത്തിയിരുന്നത്.
നിലവിൽ തച്ചോണം അഞ്ചുമലകുന്നിലെ വിമൽ റോയിയും ശേഖരനും മാത്രമാണ് പന്ത് നിർമാണം തുടരുന്നത്. ഇരുവരും മുൻ തലമുറയിൽ നിന്നാണ് പന്ത് നിർമാണം പഠിച്ചത്. ഒരു പന്ത് രൂപപ്പെടുത്തുന്നതിന് കഠിനാധ്വാനം വേണമെന്നാണ് വിമൽ റോയി പറയുന്നത്. റബർ ഷീറ്റ് രൂപപ്പെടുത്തുന്ന മാതൃകയിൽ റബർ പാലും ആസിഡും വെള്ളവും പ്രത്യേക അനുപാതത്തിൽ ചേർത്ത് വാ വട്ടമുള്ള പാത്രത്തിൽ ഇറക്കുന്നതാണ് ആദ്യ ഘട്ടം.ഷീറ്റ് പരുവത്തിലാകുമ്പോൾ വശങ്ങൾ ഒട്ടിച്ചുചേർത്ത് വായു കടത്തി ബലൂൺ രൂപത്തിലാക്കും. ഇതു നന്നായി ഉണക്കിയശേഷം തുണി ചുറ്റി ആസിഡും വെള്ളവും ചേർക്കാത്ത റബർ പാലിൽ മുക്കിയെടുക്കും. വീണ്ടും വെയിൽ കാണിച്ച് ഉണക്കിയെടുക്കും. തുടർന്ന് ഒട്ടുകറ വള്ളികൾ ചുറ്റി വലിപ്പം കൂട്ടും. റബർ പാലിൽ വീണ്ടും മുക്കി വെയിലത്ത് ഉണക്കിയെടുക്കുമ്പോളാണ് പന്തുകൾ പാകമാകുന്നത്. ഒരു പന്ത് നിർമിക്കാൻ മൂന്നുദിവസമെടുക്കും. വെയിൽ കുറവാണെങ്കിൽ കൂടുതൽ ദിവസം വേണ്ടിവരുമെന്ന് വിമൽ റോയി പറയുന്നു. ഒരു പന്തിന് 150 രൂപയാണ് ഈടാക്കുന്നത്.
പന്തുകൾക്കു വേണ്ടി മേഖലയിലെ ക്ലബുകളെല്ലാം ബുക്കിങ് നടത്തും. മത്സരങ്ങളിലെ ജേതാക്കൾക്ക് മുണ്ട്, ലുങ്കി, പഴക്കുല വരെയായിരുന്നു മുൻകാലങ്ങളിലെ സമ്മാനങ്ങൾ. നിലവിൽ മൂവായിരം മുതൽ പതിനായിരം വരെ തുകയാണ് സമ്മാനം നൽകുന്നത്. പന്തു കളിച്ച് ഓണത്തിന്റെ ആരവത്തിൽ പങ്കാളിയാകുന്നതിന് ഗൾഫിലെ ജോലിത്തിരക്കിനിടയിലും അവധി കണ്ടെത്തി വരുന്നവരുണ്ട്. കുമ്മിൾ സമന്വയക്കു പുറമെ ഫ്രണ്ട്സ് സംഭ്രമം, അക്ഷര തച്ചോണം, കളിക്കളം പേഴുംമൂട്, കൈരളി വട്ടത്താമര, സമദ മന്ദിരംകുന്ന്, ബ്രദേഴ്സ് മറവക്കുറി, മുല്ലക്കര, തട്ടത്തുമല തുടങ്ങിയ ക്ലബുകളാണ് ഓണത്തിന് പതിവായി പന്തുകളി നടത്തുന്നത്. ഉത്രാടത്തിന് തുടങ്ങിയ മത്സരങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.