കടയ്ക്കൽ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജില്ല അതിർത്തിയിൽ കാത്തിരുന്നത് ജനസഞ്ചയം. ബുധനാഴ്ച രാവിലെ ഒമ്പതിന് ജില്ല അതിർത്തിയായ നിലമേൽ വാഴോട് എത്തിച്ചേരുമെന്ന് അറിയിച്ചിരുന്ന വിലാപയാത്ര ആറ് മണിക്കൂറിലേറെ വൈകി വൈകീട്ട് മൂന്നരക്കാണ് ജില്ലയിൽ പ്രവേശിച്ചത്.
പ്രിയപ്പെട്ട നേതാവിനെ ഒരു നോക്കുകാണാൻ പാതയോരങ്ങളിൽ അമ്മമാരും കുട്ടികളും തൊഴിലാളികളുടക്കം ജനസഞ്ചയമാണ് കാത്തുനിന്നത്. ഓച്ചിറ, കരുനാഗപ്പള്ളി മുതലുള്ള ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെല്ലാം രാവിലെ മുതൽ നിലമേലിൽ എത്തിയിരുന്നു. ഇടക്കിടെ പെയ്ത മഴയെ അവഗണിച്ചും ഒരേ നിൽപ്പ് തുടർന്നാണ് ജനങ്ങൾ തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിന് അന്ത്യാഭിവാദ്യം അർപ്പിച്ചത്. കർഷകരും കശുവണ്ടി തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമടക്കം പതിനായിരത്തോളം പേരാണ് നിലമേലിൽ എത്തിച്ചേർന്നത്.
ഒരു പകൽ നീണ്ട കാത്തിരിപ്പിനൊടുവിൽ വിലാപയാത്ര നിലമേലിൽ എത്തുമ്പോൾ ‘ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, ആരു പറഞ്ഞ് മരിച്ചെന്ന്, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കുകയായിരുന്നു. ഏറെ പ്രായമായവർ പോലും പ്രിയനേതാവിന് ഒടുവിൽ സമ്മാനിക്കാൻ കൈക്കുടന്ന നിറയെ പൂക്കളുമായാണ് എത്തിയത്. ജില്ലയിലെ കോൺഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങളെല്ലാം നിലമേലിലാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.വിലാപയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം ആയിരങ്ങളുടെ ആദരാഞ്ജലി ഏറ്റുവാങ്ങിയാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലേക്ക് യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.