കടയ്ക്കൽ: സൈനികന്റെ മുതുകിൽ പി.എഫ്.ഐ എന്നെഴുതിയ സംഭവത്തിൽ അറസ്റ്റിലായവരെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി. സൈനികൻ ഷൈനിനെയും സുഹൃത്ത് ജോഷിയെയുമാണ് റിമാൻഡ് ചെയ്തത്.
പ്രശസ്തനാകാനും സൈന്യത്തിൽ ആഗ്രഹിക്കുന്ന പദവി നേടിയെടുക്കാനും ഷൈൻ അഞ്ച് മാസം മുമ്പുതന്നെ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ മധുരയിൽനിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്ന് ഷൈനിന്റെ മൊഴിയിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുനലൂർ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയ ഷൈനിനെയും ജോഷിയെയും ചാണപ്പാറയിൽ കൊണ്ടുപോയി ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇരുവരുടെയും ബൈക്കുകൾ ഇവിടെനിന്ന് കണ്ടെടുത്തു. ഷൈനിനെ മധുരയിൽ കൊണ്ടുപോയി തെളിവെടുത്തു.
ബന്ധുവിനെ ചികിത്സക്കായി മധുരയിലെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴാണ് പെയിന്റും ബ്രഷും വാങ്ങിയത്. കടയിൽനിന്ന് പെയിന്റും ബ്രഷും വാങ്ങി സമീപത്തെ ലോഡ്ജിലേക്ക് ഷൈൻ കയറിപ്പോകുന്ന സി.സി ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
കൂടുതൽ ഡിജിറ്റൽ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ഷൈനിന്റെ മൊബൈൽ ഫോണും വിശദമായി പരിശോധിച്ചു. തെളിവെടുപ്പ് പൂർത്തിയായശേഷം പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഷൈൻ ജോലിചെയ്യുന്ന ജയ്സാൽമീറിലെ സൈനിക യൂനിറ്റിലും അറസ്റ്റ് സംബന്ധിച്ച് പൊലീസിന് അറിയില്ലെങ്കിലും നടപടിയെടുത്തോ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. പി.എഫ്.ഐ എന്നെഴുതാൻ പെയിന്റും ബ്രഷും വാങ്ങിയത് ചിറയിൻകീഴിൽനിന്നാണെന്ന് ആദ്യം ജോഷി മൊഴി നൽകിയിരുന്നത്. എന്നാൽ, മധുരയിൽനിന്നാണ് വാങ്ങിയതെന്ന് ഷൈൻ പിന്നീട് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.