കടയ്ക്കൽ: സുഹൃത്തിന്റെ വീട്ടിൽ പൊലീസുകാരനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ചിതറ പൊലീസ് അന്വേഷണം ഊർജിതമാക്കി. എ.ആർ ക്യാമ്പിൽ ഹവിൽദാറായ നിലമേൽ വളയിടം സ്വദേശി ഇർഷാദാണ് (28) മരിച്ചത്. സംഭവത്തിൽ സുഹൃത്ത് ചിതറ വിശ്വാസ് നഗറിൽ സഹദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവം. അടൂർ എ.ആർ ക്യാമ്പിൽ ഹവിൽദാറായിരുന്നു ഇർഷാദ്. എന്നാൽ, ലഹരി ഉപയോഗം ഉൾപ്പെടെയുള്ള സ്വഭാവദൂഷ്യം കാരണം അച്ചടക്ക നടപടിയുടെ ഭാഗമായി ജോലിയിൽനിന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നു. 800 മീറ്റർ ഓട്ടത്തിൽ മെഡൽ ജേതാവായിരുന്നു ഇർഷാദ്. ജേഷ്ഠൻ സൈനികനാണ്. പിതാവ് അഷ്റഫും മാതാവ് ഷീജയും മരിച്ചശേഷം വീടുമായി അടുപ്പമില്ലാത്ത ഇർഷാദ് സുഹൃത്തുക്കളോടൊപ്പമായിരുന്നു താമസം. സഹദും ഇർഷാദും ചെറുപ്പം മുതൽ സുഹൃത്തുക്കളാണ്. ഈ അടുപ്പമാണ് വീട്ടിൽ ഒപ്പം താമസിക്കുന്ന നിലയിലേക്ക് എത്തിച്ചത്. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.
കഴുത്തറുത്ത നിലയിൽ ഇർഷാദിനെ സഹദിന്റെ പിതാവ് അബ്ദുൽ സലാമാണ് ആദ്യം കണ്ടത്. അബ്ദുൽ സലാമും മൂത്തമകനും ചേർന്ന് സഹദിനെ കെട്ടിയിട്ട ശേഷം ആബുലൻസ് വിളിച്ചു. ആബുലൻസ് എത്തുമ്പോഴേക്കും ഇർഷാദ് മരിച്ചു. തുടർന്ന് നാട്ടുകാർ ചിതറ പൊലീസിനെ വിവരം അറിയിച്ചു. വീടിന്റെ സ്റ്റെയർകെയ്സിലെ ലാൻഡിങ്ങിലാണ് സഹദിന്റെ മൃതദേഹം കിടന്നത്.
വീടിന് മുന്നിലിരുന്ന് പത്രം വായിക്കുകയായിരുന്ന താൻ വെള്ളം കുടിക്കാൻ അകത്ത് കയറാൻ നോക്കുമ്പോൾ വാതിൽ അടച്ചിട്ട നിലയിലായിരുന്നുവെന്നാണ് അബ്ദുൽ സലാം പൊലീസിനോട് പറഞ്ഞത്. തുടർന്ന് തട്ടിവിളിച്ചപ്പോൾ മകൾ വന്ന് വാതിൽ തുറന്നു. പടിക്കെട്ടിന് സമീപം സഹദ് കത്തിയുമായി നിൽക്കുന്നത് കണ്ട് കത്തിവാങ്ങി മേശപ്പുറത്ത് വെച്ചു. തുടർന്ന് അസ്വാഭാവികത തോന്നിയ താൻ മുകളിൽ കയറി നോക്കുമ്പോഴാണ് ഇർഷാദിനെ കഴുത്ത് മുറിഞ്ഞ് കിടക്കുന്ന നിലയിൽ കണ്ടതെന്നും ഇദേഹം പറഞ്ഞു. പ്രതി ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം സമീപത്തെ പുരയിടത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഏറെ നാടകീയ രംഗങ്ങൾക്ക് ശേഷമാണ് പുനലൂർ ഡോഗ് സ്ക്വാഡിലെ നായ് ബെറ്റി കത്തി കണ്ടെത്തിയത്.
ആദ്യം പുല്ല് നിറഞ്ഞ പറമ്പിൽ യന്ത്രം ഉപയോഗിച്ച് പുല്ല് ചെത്തിയെങ്കിലും ആയുധം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ഡോഗ് സ്ക്വാഡ് എത്തി ആയുധം കണ്ടെത്തിയത്. ചിതറ പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ വീട്ടുകാരുടെ മൊഴികളിലുള്ള പരസ്പര വിരുദ്ധതയാണ് സംഭവത്തിൽ ദുരൂഹതക്ക് കാരണം.
കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയന്ന അന്വേഷണത്തിലാണ് പൊലീസ്.
പ്രതി സഹദ് ലഹരിയിലായതിനാൽ പരസ്പര വിരുദ്ധകാര്യങ്ങളാണ് പറയുന്നത്. രാത്രി വരെയും ഇയാൾ ഈ സ്ഥിതിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.