കടയ്ക്കൽ: മാറാങ്കുഴി പാറ പൊട്ടിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. തിരുവനന്തപുരം-കൊല്ലം ജില്ല അതിർത്തിയിൽ നിലമേൽ ഗ്രാമപഞ്ചായത്തിലെ വേയ്ക്കൽ വട്ടപ്പാറ മേഖലയിലാണ് എട്ടര ഏക്കറോളം വിസ്തൃതിയിൽ മാറാങ്കുഴി പാറ സ്ഥിതി ചെയ്യുന്നത്. ബ്ലോക്ക് നമ്പർ 40/ 187 തുടങ്ങുന്ന മേഖലയിൽ നേരത്തെയും നിരവധി തവണ പാറ പൊട്ടിക്കൽ നടന്നിരുന്നു. അന്നെല്ലാം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഖനനം അവസാനിപ്പിച്ചത്.
2012 ലാണ് മാറാങ്കുഴി പാറ ആദ്യം പൊട്ടിച്ചത്. ജനകീയ പ്രതിഷേധം ശക്തമായതിനെ തുടർന്ന് 2013 ജനുവരിയിൽ നിലമേൽ ഗ്രാമ പഞ്ചായത്ത് പാറ പൊട്ടിക്കൽ തടഞ്ഞു. പിന്നീട്, 2018 ഡിസംബർ ആറിന് മുൻ ലൈസൻസിയുടെ ബിനാമിക്ക് കലക്ടർ ഒരു വർഷത്തേക്ക് ഉപാധികളോടെ പാറപൊട്ടിക്കാൻ എൻ.ഒ.സി നൽകി.
അനുമതി കിട്ടിയ ശേഷം നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്ന ധാരണയിൽ കാലാവധി സമയം വരെ ഖനന പ്രവർത്തനത്തിന് തുനിഞ്ഞില്ല. പിന്നീട്, കോവിഡ് മറയാക്കി കോടതിയെ സമീപിച്ച ശേഷം കാലാവധി വർധിപ്പിച്ച് അനുമതി പുതുക്കി. അതിർത്തി പില്ലർ സ്ഥാപിക്കാൻ കോടതി വിധി സമ്പാദിച്ച ക്വാറി മാഫിയ അവർ സ്ഥാപിച്ച അതിർത്തി പില്ലറിൽനിന്ന് ചിലത് പിഴുത് മാറ്റി നാട്ടുകാർക്കെതിരെ വ്യാജ പരാതിയും നൽകിയതായി പറയുന്നു.
പാറ ഖനനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്ന സമീപ വാസികൾക്കെതിരെ പരാതി നൽകി എതിർപ്പ് തടയുക എന്ന ഗൂഢ തന്ത്രമാണ് പാറ ലോബികൾ ഉപയോഗിച്ചത്. ചടയമംഗലം പൊലീസിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് ചെല്ലുമ്പോഴാണ് നാട്ടുകാരിൽ പലരും സ്വന്തം പേരിൽ കേസുള്ള കാര്യം അറിയുന്നത്. പാറ ഖനനം എതിർപ്പ് കൂടാതെ തുടങ്ങുന്നതിന് നാട്ടുകാരുടെ പേരിൽ കേസുകളെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നത്രെ. വർഷങ്ങളായി പാറ ഖനനം നടക്കാതിരുന്ന മേഖലയിൽ പാറ പൊട്ടിക്കാൻ വീണ്ടും അനുമതി ലഭിച്ചത് കൂടാതെ പ്രദേശവാസികളെ കള്ളക്കേസിൽ കുടുക്കിയതോടെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധം തുടങ്ങുകയായിരുന്നു. ഖനനത്തിനും കേസുകൾക്കുമെതിരെ കഴിഞ്ഞ ദിവസം പ്രത്യേക ഗ്രാമസഭയും ചേർന്നു.
സംരക്ഷണ സമിതി സെക്രട്ടറി അക്ബർ കുന്നവിളയെ ക്വാറി മാഫിയ ആക്രമിച്ചു. പാറയുടെ മുകൾ പരപ്പിൽ ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ വാസയോഗ്യമായ മണ്ണും പതിനായിരക്കണക്കിന് വൃക്ഷങ്ങളുമുണ്ട്. ഏകദേശം അറുപതിലേറെ വീടുകൾ സ്ഥിതി ചെയ്യുന്നു. സർക്കാർ ശിശു മന്ദിരവും ആരാധനാലയം, കുളങ്ങൾ എന്നിവ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. തിരക്കേറിയ തട്ടത്തുമല -മലയ്ക്കൽ റോഡും വേയ്ക്കൽ -വട്ടപ്പാറ-തങ്കക്കല്ല് റോഡും 60 മീറ്റർ വ്യത്യാസത്തിൽ കടന്നുപോകുന്നു.
1960, 1974, 1993, 2005 വർഷങ്ങളിൽ ഉരുൾ പൊട്ടൽ നടന്ന മേഖലയാണ് മാറാങ്കുഴി. പരിസ്ഥിതി ലോലമായ ഇവിടെ പാറ പൊട്ടിക്കാൻ അനുമതി നേടിയത് റവന്യൂ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണെന്ന് ആരോപണമുണ്ട്. പ്രധാന റോഡുകൾ കടന്നു പോകുന്നതിന് സമീപമുള്ള ജനവാസ മേഖലയിൽ പാറ ഖനനം തുടർന്നാൽ നാട്ടുകാർക്ക് വലിയ ഭീഷണിയാകും.
പാറ സ്ഥിതി ചെയ്യുന്ന വേയ്ക്കൽ വാർഡിലെയും സമീപത്തെ കിളിമാനൂർ പഞ്ചായത്ത് മേഖലയിലെയും ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. വേനൽക്കാലങ്ങളിൽ പഞ്ചായത്ത് ടാങ്കറിൽ വെള്ളമെത്തിച്ചാണ് ഇവിടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നത്. ആവാസ വ്യവസ്ഥ തകർക്കുന്ന പാറ ഖനനം തടയാൻ നടപടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരം ശക്തമാക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.