കടയ്ക്കൽ: താലൂക്ക് ആശുപത്രി സ്ഥല പരിമിധികാര്യത്തിൽ ഏറെ വിവാദങ്ങൾക്കൊടുവിൽ കെട്ടിട നിർമാണത്തിനുള്ള ഭൂമിയായി. ഇതിനായി ആശുപത്രിയോട് ചേർന്ന് പഞ്ചായത്തിന്റെ കൈവശമുള്ള റവന്യൂ ഭൂമിയിൽ നിന്നും 22 സെൻറ് സ്ഥലം റവന്യൂ അധികൃതർ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടു. താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം റവന്യൂ അധികൃതരെത്തിയാണ് ഭൂമി അളന്ന് തിരിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ താൽപര്യപ്രകാരം പഞ്ചായത്ത് വ്യാപാര കേന്ദ്രത്തിന് പിന്നിലായി എട്ട് മീറ്റർ സ്ഥലം വിട്ടതിന് ശേഷമുള്ള സ്ഥലമാണ് ഏറ്റെടുത്തത്.
നൂറ് കൊല്ലത്തോളം പഴക്കമുള്ള വ്യാപാര കേന്ദ്രം ഭാവിയിൽ പൊളിച്ചു മാറ്റി പുതിയത് നിർമിക്കുന്നതിനാവശ്യമായ സ്ഥലം ഒഴിച്ചിടണമെന്ന് പഞ്ചായത്ത് ആവശ്യം ഉന്നയിച്ചിരുന്നു. ഇത് റവന്യൂ വകുപ്പ് അംഗീകരിച്ചു. ഏറെനാൾ നിലനിന്ന അനിശ്ചിതത്വത്തിനൊടുവിൽ സ്ഥലം ലഭ്യമായതോടെ താലൂക്ക് ആശുപത്രിയുടെ വികസനം അടിയന്തരമായ നടപ്പാക്കണമെന്നാവശ്യം ശക്തമായി.
ദീർഘവീക്ഷണമില്ലാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങളാണ് യഥാർഥത്തിൽ ആശുപത്രി വികസനത്തെ പിന്നോട്ടടിച്ചത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലയിലെ 10 പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയിൽ ബഹുനില കെട്ടിടം നിർമിക്കുന്നതിന് 25 കോടി രൂപ അനുവദിക്കണമെന്നാവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വീണ ജോർജ് നേരത്തെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.