കടയ്ക്കൽ: പാറക്വാറിയിൽനിന്ന് അമിതഅളവിൽ പാറ കയറ്റിവന്ന ടിപ്പർ നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കുമ്മിൾ ഊന്നൻകല്ല് തയ്ക്കാവ് മുക്കിൽ വ്യാഴാഴ്ച ഉച്ചക്കാണ് അപകടം.
സംഭവത്തെ തുടർന്ന് അമിത വേഗത്തിൽ പായുന്ന ടിപ്പറുകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. കൊണ്ടോടി നടപാറയിലെ വിസ്മയ റോക്സിൽ നിന്നും വിഴിഞ്ഞം തുറമുഖ പദ്ധതി ആവശ്യത്തിലേക്ക് കൂറ്റൻ പാറക്കഷണങ്ങളുമായി പോയ ടിപ്പറാണ് മറിഞ്ഞത്.
അടുത്തിടെ നവീകരിച്ച റോഡിെൻറ വശങ്ങളിൽ മണ്ണിടാത്തതിനെ തുടർന്നുണ്ടായ കുഴിയിൽ ചാടി നിയന്ത്രണം വിട്ടാണ് ടിപ്പർ മറിഞ്ഞത്. റോഡിൽ ഈ സമയം കാൽനടക്കാരോ മറ്റ് വാഹനങ്ങളോ ഉണ്ടായിരുന്നില്ല. അമിത വേഗവും അളവിൽകവിഞ്ഞ ലോഡുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ആഴ്ചകൾക്ക് മുമ്പ് സമാനമായ രീതിയിൽ ഇതേസ്ഥലത്ത് പാറയുമായി വന്ന ടിപ്പർ മറിയുകയുണ്ടായി.
അന്ന് തകർന്ന റോഡ് വീണ്ടും അറ്റകുറ്റപ്പണി നടത്തിയിരുന്നു. അമിതമായ ലോഡുമായി പായുന്ന ടിപ്പറുകളിൽ നിന്ന് പാറ തെറിച്ച് വീണ് മുക്കുന്നത്തും തൊളിക്കുഴിയിലും അപകടമുണ്ടായിരുന്നു. നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിശോധനയോ ഇവയെ നിയന്ത്രിക്കാൻ നടപടികളോ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.