കടയ്ക്കൽ: അമിത വേഗത്തിൽ പായുന്നതിനിടെ കൂട്ടിയിടിച്ച ടിപ്പറുകളിലൊന്നിെൻറ ബോഡി ഇളകിത്തെറിച്ചു. ഉഗ്രശബ്ദത്തിൽ റോഡിലേക്ക് തെറിച്ചുവീണതിെൻറ ആഘാതത്തിൽ സമീപത്തെ തുണിക്കടയുടെ തറയോടുകൾ പൊട്ടിച്ചിതറി. ആളപായമില്ല. കുമ്മിൾ തുളസിമുക്കിന് സമീപം കണ്ണൻകുളത്ത് ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം.
കുമ്മിൾ നടപ്പാറ ക്വാറിയിൽ നിന്ന് പാറയുമായി അമിത വേഗത്തിൽ വന്ന ടിപ്പർ, ക്വാറിയിലേക്ക് പോവുകയായിരുന്ന ടിപ്പറിെൻറ വശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്വാറിയിലേക്ക് പോയ ടിപ്പറിെൻറ ബോഡി മൊത്തത്തിൽ ഇളകി റോഡിലേക്ക് തെറിച്ചുവീണു. കാൽനടക്കാരോ മറ്റ് വാഹനങ്ങളോ ഈ സമയം ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമൊഴിവായി.
ഇടിയുടെ പ്രകമ്പനത്തിൽ സമീപത്തെ തുണിക്കടയുടെ മുറ്റത്തെ തറയോടുകൾ ഇളകിത്തെറിച്ചു. സംഭവത്തെ തുടർന്ന് കടയ്ക്കൽ-കുമ്മിൾ റൂട്ടിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കടയ്ക്കൽ െപാലീസും ജനപ്രതിനിധികളുമെത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നടപ്പാറയിലെ ക്വാറികളിൽ നിന്നും അമിതഭാരം കയറ്റി പായുന്ന ടിപ്പറുകൾ നാട്ടുകാർക്ക് പേടിസ്വപ്നമായിട്ട് നാളുകളേറെയായി. രാപ്പകൽ വ്യത്യാസമില്ലാതെയാണ് ഈ പാച്ചിൽ.
വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി കൂറ്റൻ പാറ കയറ്റി വേണ്ടത്ര സുരക്ഷിതത്വമില്ലാതെയാണ് യാത്ര. ഇത് സംബസിച്ച് നാട്ടുകാർ അധികൃതരോട് പരാതി പറഞ്ഞ് മടുത്തു. നടപടിയൊന്നുമുണ്ടായിട്ടില്ല. അടുത്തിടെ, തുളസിമുക്കിനും നടപാറക്കുമിടയിൽ ടിപ്പറിൽ നിന്നും പാറ തെറിച്ച് റോഡിലേക്ക് വീണു. കാൽനടക്കാരിയായ വീട്ടമ്മ അന്ന് കഷ്ടിച്ച് രക്ഷപ്പെ
ടുകയായിരുന്നു. അമിതഭാരവുമായി പാഞ്ഞ ടിപ്പർ ഊന്നൻകല്ലിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞ സംഭവം നടന്നിട്ട് അധികനാളായില്ല. അമിതഭാരം കയറ്റിയ ടിപ്പറുകൾ മേഖലയിലെ റോഡുകളുടെ തകർച്ചക്കും കാരണമാവുന്നുണ്ട്. മേഖലയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ക്വാറി ഉടമകളെ സഹായിക്കുന്ന നിലപാട് മാത്രമാണ് എടുക്കുന്നതെന്ന് വ്യാപക ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.