കടയ്ക്കൽ: കിഴക്കൻ മേഖലയിൽ കാട്ടുപന്നിയുടെ ശല്യം; കർഷകർ വലയുന്നു. കാട്ടുപന്നിയുടെ ആക്രമണം കാരണം കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടി പോകുന്ന സ്ഥിതിയാണ്. എന്ത് നട്ടുവെച്ചാലും രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ പൂർണമായി നശിപ്പിക്കുകയാണ്. മൂന്നു മാസത്തിനിടെ മേഖലയിൽ കാട്ടുപന്നിയുടെ അക്രമത്തിൽ 20 പേർക്ക് പരിക്കേറ്റു.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നാട്ടിൽ കാട്ടുപന്നി കറങ്ങി നടക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാകുന്ന പന്നിക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. കർഷകരുടെ കപ്പ, വാഴ, ചേന, ചേമ്പ്, തെങ്ങിൻ തൈകൾ എന്നിവ നിരന്തരം നശിപ്പിക്കുന്നതു കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് നേരിടുന്നത്.
കടയ്ക്കൽ, നിലമേൽ, ചിതറ, മടത്തറ, പോരേടം, വേയ്ക്കൽ, വെള്ളാംപാറ, കുരിയോട് എന്നീ മേഖലകളിലാണ് പന്നിശല്യം രൂക്ഷം. കടയ്ക്കൽ, ചിതറ, മടത്തറ ജംഗ്ഷനുകളിൽ ഇവ കൂട്ടത്തോടെ രാത്രി ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്. ഏലകൾക്ക് സമീപം താമസിക്കുന്നവരുടെ ജീവിതം ദുരിതമാണ്. പകൽ സമയങ്ങളിൽ ഏലാകളിലും കാട് പിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലും കഴിയുന്ന പന്നികൂട്ടം രാത്രിയായാൽ നാട്ടിലിറങ്ങും.
ഇതു കാരണം രാത്രി അത്യാവശ്യ കാര്യങ്ങൾക്ക് പോലും ടൂ വീലർ യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. പുലർച്ചെ റബർ ടാപ്പിങ് തൊഴിലാളികൾക്കും ഇവകളുടെ അക്രമണം നേരിടേണ്ടിവരുന്നു. പൊന്തക്കാടുകളായി മാറിയ കൃഷിയിടങ്ങളും കാടുപിടിച്ച് കിടക്കുന്ന റബർ തോട്ടങ്ങളും കാട്ടുപന്നികളുടെ വർധനവിന് കാരണമാകുന്നതായി കർഷകർ പറയുന്നു. ഇവകളെ വെടിവെച്ച് കൊല്ലുന്നതിന് പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രാദേശിക ഷൂട്ടർമാരെ നിയമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.