കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സബ് സ്റ്റേഷന്റെ ശേഷി 110 കെ.വിയായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. റെയിൽവേ ലൈനിന് കുറുകെ ഫീഡർലൈൻ വലിക്കുന്നതിനുള്ള ജോലികൾ തുടങ്ങി. 2019ലാണ് 66 കെ.വി 110 കെ.വി ആക്കാനുള്ള പദ്ധതി അനുവദിച്ചത്. ശാസ്താംകോട്ട സബ് സ്റ്റേഷനിൽനിന്ന് ചക്കുവള്ളി, പതാരം, ഇടക്കുളങ്ങര വഴിയാണ് കരുനാഗപ്പള്ളി പുതിയകാവിലെ സബ് സ്റ്റേഷനിലേക്ക് ഫീഡർ ലൈൻ വലിക്കുന്നത്. ശാസ്താംകോട്ട മുതൽ പുതിയകാവ് വരെ ടവറുകൾ സ്ഥാപിക്കുകയും ഫീഡർ ലൈൻ വലിക്കുകയും ചെയ്തു. ഇടക്കുളങ്ങര വടക്കേ ലെവൽ ക്രോസിന് സമീപത്തുകൂടിയാണ് ഫീഡർ ലൈൻ കടന്നുപോകേണ്ടത്.
റെയിൽവേയുടെ വൈദ്യുതി ലൈൻ ഓഫാക്കിനൽകി വേണം ഫീഡർ ലൈനുകൾ വലിക്കേണ്ടത്. രണ്ട് സർക്യൂട്ടുകളിലായി മൊത്തം ഏഴു ലൈനുകളാണ് വലിക്കേണ്ടത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതിനായി റെയിൽവേയുടെ പവർ സപ്ലൈ ബ്ലോക്ക് വിഭാഗം വൈദ്യുതി ലൈൻ ഓഫാക്കി നൽകിത്തുടങ്ങിയത്. അധികം തീവണ്ടി സർവിസുകൾ ഇല്ലാത്ത സമയങ്ങളിലാണ് വൈദ്യുതി ഓഫാക്കി നൽകുക. അതിനാൽ രാത്രി പത്തിനും 12നും ഇടയിലാണ് മിക്ക ദിവസങ്ങളിലും വൈദ്യുതി ഓഫാക്കുന്നത്. തീവണ്ടികൾ വൈകി ഓടുന്നത് മൂലം ജോലികൾ തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. 16.5 കോടി രൂപ ചെലവഴിച്ചാണ് കരുനാഗപ്പള്ളി സബ് സ്റ്റേഷന്റെ ശേഷി ഉയർത്തുന്നത്.
പുതിയ ലൈനുകൾ വലിക്കുന്നതിന്റെയും സബ് സ്റ്റേഷന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. ഫീഡർ ലൈൻ കൂടിയെത്തിയാൽ സ്റ്റേഷന്റെ ശേഷി 110 ലേക്ക് ഉയർത്തി ഉടൻ കമീഷൻ ചെയ്യാനാകും. ഇതോടെ കരുനാഗപ്പള്ളി സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണത്തിന്റെ ശേഷിയും ഉയരുന്നതോടെ ഈ മേഖലയിൽ ഇപ്പോൾ നിലനിൽക്കുന്ന വൈദ്യുതി തടസ്സം, വോൾട്ടേജ് ക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകും. നിലവിൽ 10 എം.വി.എ ശേഷിയുള്ള മൂന്ന് ട്രാൻസ്ഫോർമറുകളാണ് ഉള്ളത്. ഇതിനുപകരം 20 എം.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോമറുകളാണ് ഇനി മുതൽ ഉണ്ടാകുക. ഇതോടെ സ്റ്റേഷന്റെ വൈദ്യുതി വിതരണശേഷി 40 എം.വി.എയായി ഉയരും. ശാസ്താംകോട്ട മുതൽ കരുനാഗപ്പള്ളി വരെ 13 കിലോമീറ്റർ ലൈനാണ് 110 കെ.വി ലൈൻ വലിച്ച് പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.