മൂന്ന് കോടിയുടെ 6.410 കിലോ സ്വർണാഭരണങ്ങൾ പിടികൂടി

കൊല്ലം: ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ തൃശൂരിൽനിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിൽപനക്കായി കൊണ്ടുവന്ന മൂന്നുകോടി രൂപ വിലവരുന്ന 6.410 കിലോ സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്ക്വാഡ് പിടികൂടി. പിഴയിനത്തിൽ 18.75 ലക്ഷം രൂപ ഈടാക്കി സ്വർണാഭരണങ്ങൾ ഉടമക്ക് വിട്ടുനൽകി.

കഴിഞ്ഞ സാമ്പത്തികവർഷം കരുനാഗപ്പള്ളി ജി.എസ്.ടി സ്ക്വാഡ് 24 കേസുകളിലായി 11 കോടി വിലവരുന്ന 22 കിലോ സ്വർണാഭരണങ്ങളും ഉരുക്കിയ സ്വർണവുമാണ് പിടികൂടിയത്. നികുതി, പിഴ എന്നീ ഇനങ്ങളിലായി 1.05 കോടി രൂപ ഈടാക്കി. 2020-21 സാമ്പത്തികവർഷം 41 കേസുകളിലായി 15.33 കോടി വിലവരുന്ന 32 കിലോ സ്വർണാഭരണങ്ങളാണ് പിടികൂടിയത്. ഒരു കോടി 25 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി. പിഴയും ഫൈനും അടയ്ക്കാത്തതിനാൽ ജി.എസ്.ടി നിയമപ്രകാരം നാല് കിലോ സ്വർണാഭരണങ്ങളും അവ കടത്താനുപയോഗിച്ച രണ്ട് കാറുകളും സർക്കാറിലേക്ക് കണ്ടുകെട്ടുകയും ചെയ്തു.

അസിസ്റ്റന്‍റ് കമീഷണർ (ഇന്‍റലിജന്‍റ്സ്) എസ്. രാജീവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് ഇവ പിടികൂടിയത്. പരിശോധനകളിൽ അസിസ്റ്റന്‍റ് സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ ബി. രാജേഷ്, എസ്. രാജേഷ്കുമാർ, ബി. രാജീവ്, ടി. രതീഷ്, ഇ.ആർ. സോനാജി, ഷൈല, പി. ശ്രീകുമാർ എന്നിവരും പങ്കെടുത്തു.

കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, കൊല്ലം, ഭരണിക്കാവ്, കുണ്ടറ, അടൂർ എന്നിവിടങ്ങളിൽ നടത്തിയ വാഹന പരിശോധനക്കിടയിലും കൊല്ലം, കരുനാഗപ്പള്ളി, കായംകുളം റെയിൽവേ സ്റ്റേഷനുകളിലും നടത്തിയ നിരീക്ഷണത്തിലുമാണ് ഇത്രയും സ്വർണാഭരണങ്ങൾ പിടികൂടിയത്.

ജി.എസ്.ടി എൻഫോഴ്സ്മെന്‍റ് ജോയന്‍റ് കമീഷണർ കെ. സുരേഷ്, ഇന്‍റലിജന്‍റ് ജോയന്‍റ് കമീഷണർ കിരൺലാൽ, കൊല്ലം ഡെപ്യൂട്ടി കമീഷണർ (ഇന്‍റലിജന്‍റ്സ്) എച്ച്. ഇർഷാദ് എന്നിവരുടെ നിർദേശപ്രകാരമാണ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്.

Tags:    
News Summary - 6 kg of gold jewelery worth Rs 3 crore seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.