കരുനാഗപ്പള്ളി: ചവറ കെ.എം.എം.എല്ലിൽ തൊഴിൽ വാഗ്ദാനം നൽകി 16.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ മൈനിങ് മാനേജറെ സര്‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്തു.പന്മന ചോല സ്വദേശികളായ രണ്ട് യുവാക്കൾക്ക് കമ്പനിയിൽ സ്ഥിര നിയമനം വാഗ്ദാനം ചെയ്തു തുക കൈവശപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട എം.എസ് യൂനിറ്റ് മാനേജർ കൊല്ലം ഡീസന്റ് ജംഗ്ഷനിൽ താമസിക്കുന്ന ശ്രീകുമാരൻ തമ്പിയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കമ്പനിയുടെ വിശ്വാസ്യതക്ക് കളങ്കം വരുത്തുകയും സർവീസ് നിയമങ്ങൾ ലംഘിക്കുകയും ചെയ്തു എന്ന് ബോധ്യപ്പെട്ട ശേഷമാണ് ഇയാള്‍ക്കെതിരെ മാനേജ്മെന്റ് പുറത്താക്കൽ നടപടി സ്വീകരിച്ചതെന്ന് എം.എസ് യൂനിറ്റ് പേഴ്സണൽ വിഭാഗം ഉദ്യോഗസ്ഥന് പറഞ്ഞു .മേയ് 30ലെ ‘ മാധ്യമം’ വാർത്തയെ തുടർന്ന് ഇയാളെ കമ്പനി വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഉദ്യോഗാർഥികളുടെ പിതാവിന് എഴുതി നൽകിയ പ്രോമിസറി നോട്ടിൽ കമ്പനിയിൽ വി.ആർ. എസിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഈ തുക ലഭിച്ചാൽ വാങ്ങിയത് തിരികെ നൽകാമെന്നും ആണ് പറഞ്ഞിട്ടുള്ളത്.
എന്നാൽ വി.ആർ.എസ് സമ്പ്രദായം കമ്പനിയിൽ നിർത്തലാക്കിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ മാസം 24ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹത വർധിക്കുന്നതായി പരാതിക്കാർ പറഞ്ഞു. ചവറ എസ്.എച്ച്.ഒ മുമ്പാകെ ഇയാൾ തുക കൈപ്പറ്റിയത് സമ്മതിക്കുകയും കഴിഞ്ഞമാസം തന്നെ തുക മടക്കി നൽകാമെന്ന് ഉറപ്പു നല്‍കിയതാണെന്നും പരാതിക്കാർ പറയുന്നു. തൊഴില്‍ തട്ടിപ്പിന് ഇരയായ മറ്റാളുകളും പരാതിയുമായി എത്താന്‍ സാധ്യതയുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.