കരുനാഗപ്പള്ളി: കേര കർഷകർ സ്ഥാപിച്ച വെളിച്ചെണ്ണ, എള്ളെണ്ണ ഉൽപാദകസംഘം പ്രവർത്തനം നിലച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു. കർഷകക്ഷേമ വകുപ്പിന്റെ ആത്മ, ഓച്ചിറ ഫാർമേഴ്സ് എക്സ്റ്റൻഷൻ ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് കുലശേഖരപുരം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയാണ് ഒറ്റാക്ക് എന്ന നാമകരണത്തിൽ ആദിനാട്, പുളിക്കാമഠം ജങ്ഷനിൽ 2013ൽ ഉൽപാദക സംഘം ആരംഭിച്ചത്. കർഷകർക്ക് മതിയായ വില ഉറപ്പുവരുത്തുക, ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കുക എന്നിവയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
മുപ്പതിനും നാൽപതിനും ഇടയിലുള്ള 32 യൂനിറ്റുകളാണ് സംഘത്തിന്റെ പരിധിയിലുള്ളത്. ഒരോ അംഗത്തിൽ നിന്നും 2000 രൂപ വീതം അംഗത്വഫീസിനത്തിൽ വാങ്ങിയതുക ഉപയോഗിച്ച് ഗുണഭോക്തൃവിഹിതം അടച്ചാണ് ആത്മയുടെ സഹകരണത്തോടെ എണ്ണ ആട്ടുമിൽ സ്ഥാപിച്ചത്. തുടക്കംമുതലേ കർഷകരുടെ നല്ല പിന്തുണ ലഭിച്ചെങ്കിലും വിപണിയിലെ മറ്റ് വെളിച്ചെണ്ണയോട് മത്സരിച്ച് നിൽക്കാൻ ഒറ്റാക്കിന് കഴിയാതെ വന്നു. സാധാരണ രീതിയിൽ വെളിച്ചെണ്ണ തയാറാക്കി വരുമ്പോൾ ഒരു കിലോയ്ക്ക് ശരാശരി 230 രൂപ വരെ ഉൽപാദന ചെലവ് വരുന്നു. എങ്കിലും കൃത്രിമമില്ലാത്ത എണ്ണ എന്ന നിലയിൽ ലഭിച്ച പിന്തുണയിൽ സ്ഥാപനം മുന്നോട്ട് പോയിരുന്നു. കോവിഡ് വ്യാപനത്തോടെ സ്ഥാപനം പൂർണമായും അടക്കുകയായിരുന്നു.
കേര സംരക്ഷണത്തിന്റെ പേരിൽ പ്രതിവർഷം കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴും ഒറ്റാക്കിനെ കൈപിടിച്ചുയർത്തുന്നതിൽ ബന്ധപ്പട്ടവർ കടുത്ത അനാസ്ഥയാണ് തുടരുന്നത്. കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 36 സെന്റ് ഭൂമി വാടകയ്ക്കെടുത്താണ് മില്ലും അനുബന്ധ സ്ഥാപനവും പ്രവർത്തിച്ചിരുന്നത്. പ്രതിമാസം ആയിരം രൂപയാണ് വാടക ഇനത്തിൽ നിശ്ചയിച്ചതെങ്കിലും ജി.എസ്.ടി ഉൾപ്പെടെ പ്രതിവർഷം 15,600 രൂപയാണ് ഈ ഇനത്തിൽ പഞ്ചായത്തിന് നൽകേണ്ടത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം സ്ഥാപനം അടഞ്ഞുകിടന്നെങ്കിലും വാടകയുടെ കാര്യത്തിൽ ഇളവ് വരുത്തുവാൻ പോലും പഞ്ചായത്ത് തയാറായില്ല. 2018ൽ മൂന്ന് ലക്ഷം രൂപ റിവോൾവിംഗ് ഫണ്ട് നൽകിയെങ്കിലും ഡ്രയർ യൂനിറ്റ് നിർമിച്ച് നൽകാമെന്ന അധികൃതരുടെ വാഗ്ദാനവും ഒരു ഷെഡിൽ ഒതുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.