കരുനാഗപ്പള്ളി: എ.എം. ആരിഫ് എം.പിയുടെ ഇടപെടലിനെതുടർന്ന് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സ്‌പെഷൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചു. ഡിസംബർ ഏഴുമുതൽ ജനുവരി 14 വരെ വിവിധ ദിവസങ്ങളിലായുള്ള സ്‌പെഷൽ ട്രെയിനുകൾക്കാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്.
ഡിസംബർ ഏഴ്, ഒമ്പത്, 12 തീയതികളിലുള്ള ചെന്നൈ എഗ്മോർ-കൊല്ലം എട്ട്, 11,13 തീയതികളിലുള്ള കൊല്ലം-ചെന്നൈ എഗ്മോർ ട്രെയിനുകൾക്കാണ് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. 13നുള്ള ഹസൂർസാഹിബ് നന്ദഡ്-കൊല്ലം, 15നുള്ള ആദിലാബാദ്-കൊല്ലം, ജനുവരി 12നുള്ള ഔറംഗാബാദ്-കൊല്ലം ട്രെയിനുകൾ, ഡിസംബർ 10നുള്ള കൊല്ലം-നന്ദദ്, 17നുള്ള കൊല്ലം- നിസാമാബാദ്, ജനുവരി 14നുള്ള കൊല്ലം-സെക്കന്ദരാബാദ് സ്‌പെഷ് ട്രെയിനുകൾക്കും കരുനാഗപ്പള്ളിയിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുറത്തിറങ്ങിയ സതേൺ റെയിൽവേയുടെ പുതിയ ഉത്തരവ് പ്രകാരമാണ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചിരിക്കുന്നത്. നേരത്തേ പല പ്രത്യേക ട്രെയിനുകൾക്കും കരുനാഗപ്പള്ളിയിൽ സ്റ്റോപ് അനുവദിച്ചിരുന്നില്ല. തൊട്ടടുത്ത കായംകുളം, ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചപ്പോഴും കരുനാഗപ്പള്ളിയെ അവഗണിച്ചതിൽ പ്രതിഷേധമുയർന്നിരുന്നു. ഇതിനെതിരെ എ.എം. ആരിഫ് എം.പി അധികൃതരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
കൂടാതെ റെയിൽവേ ഡിവിഷനൽ മാനേജർ ഉൾപ്പെടെയുള്ളവരുമായി നേരിട്ട് ചർച്ചയും നടത്തിയിരുന്നു. കൂടാതെ, റെയിൽവേ ആക്ഷൻ കൗൺസിലും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വർധനയുള്ള സ്റ്റേഷനാണ് കരുനാഗപ്പള്ളി. എം.പിയുമായുള്ള ചർച്ചയെതുടർന്ന് സ്റ്റേഷന്റെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് 17ന് റെയിൽവേ ഉദ്യോഗസ്ഥ സംഘം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.