കരുനാഗപ്പള്ളി: അധികൃതരോട് ‘മാനിഷാദ’ ചൊല്ലാന്‍ ആളില്ലാത്തതിനാല്‍ കാലടി സംസ്കൃത സര്‍വകലാശാല പന്മന ഉപകേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സാമൂഹിക നവോത്ഥാന നായകൻ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം കൂടിയായ പന്മനയില് 1995ല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറാണ് കാലടി സംസ്കൃത സർവകലാശാലയുടെ സെന്ററിന് തുടക്കം കുറിച്ചത്.
എം.എസ്.ഡബ്ല്യു അടക്കം വിവിധ കോഴ്സുകളില്‍ 800 ഓളം വിദ്യാർഥികളുണ്ടായിരുന്ന ഈ കേന്ദ്രത്തിലിപ്പോൾ 58 കുട്ടികൾ മാത്രമാണുള്ളത്. നാലുവര്‍ഷ ബി.എ, ബി.എഡ്, എം.എ ഹിസ്റ്ററി, എം.എ ഹിന്ദി, എം.എ മലയാളം, എം.എഡ്, ഒരു വര്‍ഷ ബി.എഡ് അടക്കം ഒട്ടേറെ കോഴ്സുകള്‍ നടത്തിവന്ന സ്ഥാപനത്തിലിപ്പോള്‍ അഞ്ച് അധ്യാപകരും ആറ് അനധ്യാപകരും മാത്രം.
രണ്ടരഏക്കറിലധികം വിസ്തൃതിയുള്ള കാമ്പസ് കാടുപിടിച്ചുകിടപ്പാണ്. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ അടക്കം പാമ്പുവളര്‍ത്തല്‍ കേന്ദ്രമായി. കാന്റീന്റെ വാതില്‍ അടഞ്ഞിട്ട് വർഷങ്ങളായി.
ബിരുദവിഷയങ്ങളില്‍ വിദ്യാർഥികള്‍ക്ക് താൽപര്യം കുറഞ്ഞതും ഈ കേന്ദ്രത്തിലേക്ക് യാത്രാസൗകര്യം ഇല്ലാത്തതും വിദൂരസ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് താമസസൗകര്യം ഇല്ലാത്തതുമാണ് കുട്ടികള്‍ കുറയാന്‍ കാരണമെന്നാണ് ജീവനക്കാരുടെ ഭാഷ്യം. പഠനനിലവാരം മെച്ചപ്പെടുത്താനുതകുന്ന കരിക്കുലമോ ഭൗതിക സാഹചര്യമോ ഇല്ലാത്തതാണ് കുട്ടികള്‍ ഇവിടത്തെ കോഴ്സ് ഉപേക്ഷിക്കാന്‍ കാരണമെന്ന് പൂര്‍വ വിദ്യാർഥികള്‍ പറയുന്നു.
ബി.എ വേദാന്തത്തിലെ അഞ്ച് കുട്ടികളുടെയും ബി.എ മലയാളത്തിലെ നാല് കുട്ടികളുടെയും ഭാവി അപകടപ്പെടുത്തുംവിധം അടുത്തിടെ കോഴ്സ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു.
മിനിമം ഏഴ് വിദ്യാർഥികൾ വീതം ഓരോ കോഴ്സിനും വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബർ ആറിനുചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. കാലടി സെന്ററിൽ പോയി പഠനം തുടരാനാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം.
2005ൽ തുടങ്ങിയ ഹിന്ദി എം.എ കോഴ്സ് 2022ലും 2018ൽ ആരംഭിച്ച ഇംഗ്ലീഷ് എം.എ കോഴ്സ് 2023ലും നിർത്തലാക്കി. 2016ൽ തുടങ്ങിയ വേദാന്തം ബി.എ ഈ വർഷം എൻ.ഇ.പിയുടെ ഭാഗമായി നാലുവർഷ കോഴ്സാക്കി. ഘട്ടം ഘട്ടമായി സര്‍വകലാശാല കേന്ദ്രത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
പ്ലാന്‍ ഫണ്ടുകളുടെ അഭാവം കാരണം നിലവിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നതും ഇവിടെ നിത്യ സംഭവമാണ്. സ്ഥലപരിമിതികാരണം 2000ൽ അടച്ചുപൂട്ടിയ ഈ ഉപകേന്ദ്രം പുനരാരംഭിക്കുന്നതിന് പന്മന പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ 2009ൽ 165 സെന്റ് സ്ഥലം വാങ്ങി സർവകലാശാലക്ക് നൽകി. മന്ത്രി എം.ബി. രാജേഷിന്റെ ഭാര്യ ബിനിത കണിച്ചേരി, കാലടി സര്‍വകലാശാല സിഡിക്കേറ്റ് അംഗം ബിച്ചു മലയില്‍ അടക്കം അധ്യാപകരാണ് ഇവിടെയുള്ളത്.
എം.എസ്.ഡബ്ല്യു അടക്കമുള്ള വിവിധ കോഴ്സുകൾ ഇവിടെ ആരംഭിക്കുകയും നിലവിലുള്ള കോഴ്സുകൾ നിലനിർത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം. സർവകലാശാലയുടെ തിരുവല്ല, പാലക്കാട്, തൃശൂര്‍, തുറവൂര്‍ കേന്ദ്രങ്ങള്‍ക്ക് ഇതിനകം പൂട്ട് വീണുകഴിഞ്ഞു. അവശേഷിക്കുന്ന കേന്ദ്രങ്ങള്‍ കൂടി അടച്ചുപൂട്ടല്‍ വക്കിലാെണന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.