കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. മുസ്ലിം എൽ.പി സ്കൂൾ പുനരുദ്ധാരണത്തിന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തം. നാല് ഡിവിഷനുകളിലായി 85 ന് മുകളിൽ വിദ്യാർത്ഥികൾ പഠനം നടത്തുന്ന സ്കൂൾ കെട്ടിടം ഏത് നിമിഷവും തകർന്ന് നിലം പൊത്താവുന്ന അവസ്ഥയാണ്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്കൂളിന് മുൻവശമുണ്ടായിരുന്ന ആറര സെൻറ് ഭൂമിയും കെട്ടിടത്തിന്റെ പകുതി ഭാഗവും ഏറ്റെടുത്തിരുന്നു. റോഡ് വികസനത്തിനായി ഒരു വർഷം മുമ്പ് കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കിയിരുന്നു. അവശേഷിച്ച ഭാഗം തകർന്ന് വീഴാറായ സ്ഥിതിയിലായി. കെട്ടിടത്തിന്റെ ദുരവസ്ഥ നിരവധി തവണ അധ്യാപകരും പി.ടി.എ ഭാരവാഹികളും വിദ്യാഭ്യാസ വകുപ്പ്, ജനപ്രതിനിധികൾ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ദേശീയപാത അതോറിറ്റിയിൽ നിന്ന് ലഭിച്ച പണം കാര്യക്ഷമമായി ഉപയോഗിച്ചിരുന്നെങ്കിൽ കെട്ടിടം നിർമിക്കാൻ കഴിഞ്ഞേനെ. കരുനാഗപ്പള്ളി ബി.ആർ.സിയുടെ ഒരു ഡിവിഷൻ സ്കൂൾ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ പകുതി പൊളിച്ച് നീക്കിയതോടെ ബി.ആർ.സി.യിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മഴനനയാതെ കയറിയിരിക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ്.
ആറുമാസത്തിനിടെ സ്ഥലം എം.എൽ.എ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ, നഗരസഭ അധികൃതർ എന്നിവർ സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. ഇവർ വാഗ്ദാനം ചെയ്ത് മടങ്ങിയതല്ലാതെ തുടർനടപടി ഉണ്ടായില്ല. റോഡ് നിർമാണം ആരംഭിച്ചതോടെ ഗ്രാവലും മെറ്റലും സ്കൂളിന് മുന്നിൽ കുന്നുകൂടി വെള്ളക്കെട്ടായ അവസ്ഥയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ അവശേഷിക്കുന്ന സ്കൂൾ കെട്ടിടത്തിന് വിറയൽ അനുഭവപ്പെടാറുണ്ടെന്ന് അധ്യാപകർ ആശങ്കപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയപ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് പി.ടി.എ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.