കരുനാഗപ്പള്ളി: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയിൽ സുബിൻ (30) ആണ് അറസ്റ്റിലായത്. തൊടിയൂർ പുലിയൂർവഞ്ചി ആതിരാലയത്തിൽ ആതിര (26) മരിച്ച കേസിലാണ് അറസ്റ്റ്. ആതിരയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് കേസ്.
ആത്മഹത്യ പ്രേരണകുറ്റവുമുണ്ട്. കഞ്ചാവും മറ്റുലഹരി വസ്തുക്കളും ഉപയോഗിച്ചശേഷം സുബിൻ ആതിരയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇക്കാരണങ്ങളാൽ ആതിര സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പിന്നീട്, വീണ്ടും സ്നേഹം നടിച്ച് സുബിൻ ആതിരയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.
അഞ്ചു വർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ആദ്യകാലങ്ങളിലും നല്ല ബന്ധത്തിലായിരുന്നെങ്കിലും സുബിൻ ലഹരി ഉപയോഗിച്ചുതുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. കുട്ടികളില്ലാത്ത കാരണം പറഞ്ഞും സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞും സുബിൻ ആതിരയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. ഇതിൽ ആതിര കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറോടെയാണ് ആതിരയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
തലേദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടാക്കിയിരുന്നതായും തുടർന്ന് സുബിൻ ആതിരയെ മർദിച്ചിരുന്നതായും യുവതി മരിച്ച ദിവസം ഉച്ചക്കും മർദിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു. ആതിരയുടെ ബന്ധുക്കളും ദുരൂഹത കാട്ടി പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി. നാരായണന്റെ നിർദേശ പ്രകാരം എ.സി.പി ഷൈനു തോമസിന്റെയും ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ മാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, കെ.എസ്. ധന്യ, ഗ്രേഡ് എ.എസ്.ഐ നിസാമുദ്ദീൻ, എസ്.സി.പി.ഒ ജിമിനി, സി.പി.ഒ ഹാഷിം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.