കൊല്ലം: സമയം കഴിഞ്ഞിട്ടും നാടകം തുടങ്ങുന്നില്ലേ എന്ന സംഘാടകരുടെ ചോദ്യത്തിന് പരിഭ്രമം പുറത്തുകാട്ടാതെ കാളിദാസ കലാകേന്ദ്രയുടെ ഉടമ ഒ. മാധവൻ പറഞ്ഞു, ഉടനെ തുടങ്ങാം, നായിക എത്തിയിട്ടില്ല. ഏറെ തിരക്കുള്ള ഗായികയാണ്, കച്ചേരി കഴിഞ്ഞ് എത്തിച്ചേരാൻ കാത്തിരിക്കുകയാണ് ട്രൂപ്. പന്തിയല്ലെന്ന് കണ്ട് ബെൽ കൊടുത്തു. മൂന്നാം സീനിൽ നായിക കയറിയാൽ മതി എന്നതായിരുന്നു ആശ്വാസം. രണ്ടാം സീൻ തുടങ്ങിയപ്പോഴും എന്തുചെയ്യണമെന്നറിയാതെ ഒ. മാധവൻ കുഴങ്ങി. അപ്പോഴതാ ദൂരെനിന്ന് ടാക്സി കാറിന്റെ വെട്ടം.
ഉടൻ അനൗൺസ്മെന്റ്, ആ കാറിന് വഴികൊടുക്കുക നമ്മുടെ നായിക വരുകയാണ്. ജനസാഗരത്തിനിടയിലൂടെ നായിക നേരെ സ്റ്റേജിലേക്ക്. സ്വപ്നസുന്ദരമായ സ്വരത്തിൽ പാടി, പൂക്കാരാ പൂക്കാരാ ഒരു പൂ തരുമോ... മേക്കപ്പ് പോലുമില്ലാതെ ഓടിക്കയറി പാട്ടുപാടി ഡോ. ജയശ്രീയായി അഭിനയിച്ച് തകർത്ത ആ നായികയുടെ പേര് കവിയൂർ പൊന്നമ്മ. 1963ൽ കൊല്ലത്തിന്റെ സ്വന്തം ‘കാളിദാസ കലാകേന്ദ്ര’യുടെ ആദ്യ നാടകമായ ‘ഡോക്ടർ’ ചരിത്രത്തിലിടംപിടിക്കാൻ പ്രധാനകാരണക്കാരിലൊരാളായി അവർ. സ്വരം കൊണ്ടും അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പകരംവെക്കാനില്ലാത്ത പൊന്നായിരുന്നു കവിയൂർ പൊന്നമ്മ.
കാളിദാസ കലാകേന്ദ്രത്തിന് മലയാള നാടകവിഹായസിൽ ആദ്യ മേൽവിലാസമായ ‘ഡോക്ടർ’ കവിയൂർകാരി പൊന്നമ്മയെ ‘കൊല്ലംകാരിയാക്കി’. അവർ സകുടുംബം കൊല്ലം മാടൻനടയിലേക്ക് താമസം മാറി. രണ്ട് വർഷത്തോളമാണ് ‘ഡോക്ടർ’ കേരളത്തിലങ്ങോളമിങ്ങോളം വേദികളിൽ കളിച്ചത്. ഒ. മാധവനും ഭാര്യയും നടിയുമായ വിജയകുമാരിക്കും മക്കളായ മുകേഷിനും സന്ധ്യക്കും ജയശ്രീക്കും മാത്രമല്ല, നാടിനും ഏറെ പ്രിയങ്കരിയായി അവർ മാറി. ജയശ്രീയെന്ന കഥാപാത്രത്തോടുള്ള സ്നേഹം കൊണ്ടാണ് ഇളയമകൾക്ക് ഒ. മാധവൻ ആ പേരിട്ടത്. മുകേഷിന്റെ ആദ്യ സിനിമയായ ബലൂണിൽ അമ്മയായി അഭിനയിച്ചതും മറ്റാരുമല്ല.
കാളിദാസയുടെ രണ്ടാം നാടകമായ ‘അൾത്താര’യിലും നായിക അവരായിരുന്നു. ആ നാടകത്തിനുശേഷമാണ് സിനിമ പൊന്നമ്മയെ ഇരുകൈനീട്ടി ഏറ്റെടുത്തത്. പൊന്നമ്മ മദ്രാസിൽ തിരക്കിലായപ്പോഴും കുടുംബം കൊല്ലത്താണ് ജീവിച്ചത്.
ഇടക്കിടക്ക് വീട്ടിലെത്തുന്ന പൊന്നമ്മചേച്ചിയുടെ ഓർമകൾ ഒ. മാധവന്റെ മകളും നടിയുമായ സന്ധ്യ രാജേന്ദ്രന് ഏറെ പ്രിയപ്പെട്ടതാണ്. തന്റെ കുടുംബത്തിനെ ജീവന് തുല്യം സ്നേഹിച്ച പൊന്നമ്മ വർഷങ്ങളോളം അവർക്കായി കൊല്ലം തന്റെ രണ്ടാം വീടാക്കിയിരുന്നു. ഇവിടെ നിന്ന് താമസം മാറുന്നതുവരെ ആ ബന്ധം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.