കൊല്ലം: പരാതിരഹിതവും സുതാര്യവുമായ പ്രവര്‍ത്തനം കാഴ്ചെവക്കുന്ന കേരള പി.എസ്.സി ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാന പബ്ലിക് സര്‍വിസ് കമീഷന് കൊല്ലം മേഖല, ജില്ല ഓഫിസുകളും ഓണ്‍ലൈന്‍ പരീക്ഷകേന്ദ്രവും ഉള്‍പ്പെടുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെയും സമീപജില്ലകളില്‍ നിന്നും പരീക്ഷ ആവശ്യത്തിനായി എത്തുന്നവര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടെ സജ്ജീകരിക്കുന്ന പുതിയ കെട്ടിടം ഏറെ സഹായകമാകും. പൂര്‍ണമായും സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള പി.എസ്.സി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള എല്ലാവിധ സഹായസഹകരണങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. പബ്ലിക് സര്‍വിസ് കമീഷന് ചെയര്മാന് എം.ആര്. ബൈജു അധ്യക്ഷത വഹിച്ചു.
മുണ്ടയ്ക്കല്‍ വില്ലേജില്‍ സര്‍ക്കാര്‍ ടി.ടി.ഐക്ക് സമീപം 36 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ജില്ല-മേഖലാ ഓഫിസുകള്‍ക്ക് പുറമെ 600ലധികം പേര്‍ക്ക് ഒരേസമയം പരീക്ഷ എഴുതാന്‍ കഴിയുംവിധം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രവും പുതിയ ആറുനില കെട്ടിടത്തില്‍ സജ്ജീകരിക്കും. 41140 ചതുരശ്ര അടി വിസ്തൃതിയിലാണ് ആധുനിക സംവിധാനങ്ങളോടെ കെട്ടിടം പണിയുന്നത്. 12.35 കോടി രൂപയുടെ കരാര്‍ നിര്‍മാണ പ്രവൃത്തികള്‍ക്കായി നല്കി.
മേയര്‍ പ്രസന്ന ഏണസ്റ്റ്, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, പബ്ലിക് സര്‍വിസ് കമീഷന് സെക്രട്ടറി സാജു ജോര്‍ജ്, കമീഷനംഗങ്ങളായ കെ.പി. സജിലാല്‍, എസ്. ശ്രീകുമാര്‍, വി.ആര്. രമ്യ, മേഖല ഓഫിസര്‍ ആര്. ബാബുരാജ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ലൈജു, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.