കൊല്ലം: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെയ്യാതെ മടിച്ചു മടിച്ചെത്തിയ വേനൽ മഴ മേയ് മാസം അവസാനത്തിൽ തകർത്തുപെയ്തതോടെ ജില്ലയിൽ ലഭിച്ചത് 26 ശതമാനം അധികമഴ. ജില്ലയിൽ 410 മില്ലീമീറ്റർ മഴയാണ് മാർച്ച് ഒന്ന് മുതൽ മേയ് 29വരെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 517.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്.
ഒരാഴ്ച മുമ്പുവരെ ജില്ലയിൽ പെയ്യേണ്ടിയിരുന്ന മഴയിൽ 15 ശതമാനത്തിന്റെ കുറവായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴ, വേനൽ മഴയിൽ പ്രതീക്ഷിച്ചതിലും 26 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാക്കിയത്. ജനുവരി,ഫെബ്രുവരി മാസങ്ങളിൽ ലഭിക്കേണ്ട മഴയിൽ 65 ശതമാനത്തിന്റെ കുറവായിരുന്നു.മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴയിൽ ഗണ്യമായ കുറവുണ്ടായിരുന്നെങ്കിലും മേയിൽ ശക്തമായ മഴയാണ് പല ഭാഗങ്ങളിലും ലഭിച്ചത്. അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. തുടർന്ന് കാലവർഷവും വരാനിരിക്കെയാണ്. കനത്തുപെയ്ത മഴ ഇതുവരെയുള്ള കുറവ് നികത്തിയെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോഴും കർഷകർ ആശങ്കയിലാണ്.
വേനലിൽ പെയ്ത ആദ്യമഴ മുതൽ തന്നെ ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റോടുകൂടിയാണ് പെയ്തിറങ്ങിയത്. വിവിധയിടങ്ങളിൽ കൃഷിനാശവും വെള്ളക്കെട്ടും ദുരിതവും നിറച്ചു. വേനൽ ചൂടിൽ കരിഞ്ഞുണങ്ങിയാണ് കൃഷി നശിച്ചതെങ്കിൽ മഴയിൽ കുലച്ച വാഴകൾ ഒടിഞ്ഞുവീണും കൃഷിസ്ഥലത്ത് വെള്ളം കയറിയുമാണ് നശിച്ചത്. ജില്ലയുടെ പല ഭാഗങ്ങളിലും വാഴകൃഷി ധാരാളമുണ്ട്.
ഓണക്കാലം ലക്ഷ്യമിട്ടാണ് പലരും കൃഷി ചെയ്തിരുന്നത്. വേനൽ മഴ പ്രതീക്ഷിച്ച് വിരിപ്പു കൃഷിക്കായി പാടത്തു വിത്തുവിതച്ച നെൽകർഷകരും സങ്കടത്തിലായി. പാടം മുഴുവൻ വെളത്തിൽ മുങ്ങിയതോടെ വിത്തെല്ലാം ചീഞ്ഞുപോകുമെന്ന അവസ്ഥയിലാണ് കർഷകർ.
കുണ്ടറ: ഒഴുകിപ്പോകാനുള്ള മാർഗങ്ങൾ എല്ലാം അടഞ്ഞതോടെ ചന്ദനത്തോപ്പ് ഗവ.ഐ.ടി.ഐ കാമ്പസ് വെള്ളത്തിലായി. രണ്ടുദിവസമായി പെയ്യുന്ന മഴയിലാണ് ജലനിരപ്പ് ഉയർന്നത്. കാമ്പസിൽ നിന്ന് വെള്ളം ഒഴുകി പോകുന്നതിനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞനിലയിലാണ്. മഴക്കാലപൂർവ ശുചീകരണം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയെങ്കിലും ഓടകളെല്ലാം ചപ്പുചവറുകളും മണ്ണും കൊണ്ട് മൂടപ്പെട്ടു കിടക്കുകയാണ്. ഫയർഫോഴ്സ് എത്തിയെങ്കിലും വെള്ളം എങ്ങോട്ട് അടിച്ചു കളയണം എന്നറിയാതെ മടങ്ങി. വിദ്യാർഥികളും അധ്യാപകരും ചേർന്ന് ചിലസ്ഥലങ്ങളിലേക്ക് വെള്ളം ഒഴുക്കിവിടാൻ നടത്തിയ ശ്രമവും വിജയിച്ചില്ല. മഴ തുടർന്നാൽ കാമ്പസിൽ ജലനിരപ്പ് വീണ്ടും ഉയരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.