കൊല്ലം: നിർദിഷ്ട കൊല്ലം-തേനി ദേശീയപാതയുടെ വീതി സംബന്ധിച്ച തീരുമാനം അനിശ്ചിതത്വത്തിൽ. നാലുവരിപ്പാതയോ രണ്ടുവരിപ്പാതയോ വേണ്ടതെന്നത് സംബന്ധിച്ചാണ് അനിശ്ചിതത്വം. ജനപ്രതിനിധികൾ ഉന്നയിച്ച തടസ്സവാദങ്ങളടക്കം തീരുമാനം വൈകുന്നതിന് കാരണമാണ്.
22ന് കൊല്ലത്ത് ചേരുന്ന കൺസൾട്ടേഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. രണ്ട് നിർദേശങ്ങളാണ് ദേശീയപാത വിഭാഗത്തിന്റെ കൈവശമുള്ളത്. കൊല്ലം ഹൈസ്കൂൾ ജങ്ഷൻ മുതൽ 16 മീറ്ററിൽ രണ്ടുവരിപ്പാതയും പെരിനാട് മുതൽ ഭരണിക്കാവ് വരെ ബൈപാസും എന്ന നിർദേശമാണ് ആദ്യം ജനപ്രതിനിധികൾക്ക് മുമ്പാകെ അവതരിപ്പിച്ചിരുന്നത്. ഭരണിക്കാവ് ജങ്ഷനിൽ ഫ്ലൈഓവറും നിർദേശിച്ചിരുന്നു.
പിന്നീട് ഭരണിക്കാവിലെ ഫ്ലൈഓവർ നിർമാണം ഉപേക്ഷിക്കുകയും റോഡ് നവീകരണം ഹൈസ്കൂൾ ജങ്ഷന് പകരം കൊല്ലം ബൈപാസിൽ കടവൂരിൽനിന്ന് മതിയെന്ന് തിരുത്തുകയും ചെയ്തു.
ഒരാഴ്ചമുമ്പ് കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നാലുവരിപ്പാത നിർദേശം ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ മുന്നോട്ടുവെച്ചത്. ഈ നിർദേശത്തിൽ പെരിനാട് മുതൽ ഭരണിക്കാവ് വരെ ബൈപാസില്ല. പെരിനാട് നിന്ന് കുണ്ടറ, ഇളമ്പള്ളൂർ വഴി ദേശീയപാത ഭരണിക്കാവിലെത്തും. പാത ആരംഭിക്കുന്നത് കൊല്ലം ഹൈസ്കൂൾ ജങ്ഷനിൽ നിന്നായിരിക്കും. ഈ രണ്ട് സാധ്യതകൾ നോക്കിയാവും 22ന് ചേരുന്ന കൺസൾട്ടേഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനം ഉണ്ടാവുക.
ഇതുസംബന്ധിച്ച് ദേശീയപാത വിഭാഗം റിപ്പോർട്ട് സമർപ്പിക്കും. വിശദമായ നിർദേശം തയാറാക്കാൻ അലൈൻമെന്റ് തയാറാക്കിയ കൺസൾട്ടിങ് ഏജൻസി ശ്രീകണ്ഠേശ്വരയെ ദേശീയപാത വിഭാഗം ചുമതലപ്പെടുത്തി. നാലുവരി പാതക്കാണ് മുൻഗണന നൽകുന്നത്.
നിർദിഷ്ട കൊല്ലം-തേനി പാതയിൽ പ്രതിദിനം ഇരുവശത്തേക്കും കടന്നുപോകുന്നത് ശരാശരി 10,000 വാഹനങ്ങളാണന്നാണ് കണക്ക്. കുണ്ടറ ഇളമ്പള്ളൂർ, ഭരണിക്കാവ് തുടങ്ങിയ നാല് പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ദേശീയപാത വിഭാഗം നടത്തിയ പി.സി.യു (പാസഞ്ചർ കാർ യൂനിറ്റ്) സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്നാണ് രണ്ടുവരിപ്പാതക്ക് പകരം നാലുവരിപ്പാത എന്ന നിർദേശത്തിന് മുൻഗണന നൽകിയത്.
നാലുവരിപ്പാത 45, 30 മീറ്റർ വീതിയിലാണ് സാധാരണ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പരിഗണിക്കുക. എന്നാൽ, കൊല്ലം-തേനി പാതയിലെ ജനസാന്ദ്രത പരിഗണിച്ച് 24 മീറ്റർ വീതിയിൽ നാലുവരിപ്പാത നിർമിക്കാനാണ് നിർദ്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.