കൊട്ടാരക്കര: മരുതിമലയിലെ വർഷങ്ങളായി തുടരുന്ന തീപിടിത്തവും ഭൂമി കൈയേറ്റവും മുട്ടറ ഇക്കോ ടൂറിസം പദ്ധതിക്ക് തിരിച്ചടിയാകുന്നു.കഴിഞ്ഞ രണ്ടാഴ്ചക്കകം രണ്ട് തവണയാണ് മലമുകളിൽ പുല്ലിന് തീപിടിച്ചത്. ഈ സമയം 50 ഓളം വരുന്ന സന്ദർശകരാണ് മലമുകളിൽ ഒറ്റപ്പെട്ടത്. ഇവർ മുകൾഭാഗത്തെ കാറ്റാടിപാറയുടെ മുകളിൽ നിന്നതിനാൽ അപകടം സംഭവിച്ചില്ല.
അഗ്നിരക്ഷാസേന, പൂയപ്പള്ളി പൊലീസ് എന്നിവർ ചേർന്നാണ് ഇവരെ താഴെ ഇറക്കിയത്. 36 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന മലയുടെ മുകൾഭാഗത്തെ പുല്ല് ഭൂരിഭാഗവും കരിഞ്ഞുണങ്ങി. ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കെട്ടിടത്തിനും തീ പിടിച്ചു.ഓരോ വർഷവും ഉണ്ടാകുന്ന തീപിടിത്തം ഇക്കോ ടൂറിസം പദ്ധതിയെ പിറകോട്ടടിക്കുകയാണ്. പി. അയിഷാപോറ്റി എം.എൽ.എ ആയിരുന്ന സമയത്ത് പദ്ധതിക്ക് 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു.
2010ൽ ഇതിന്റെ ഭാഗമായി നിർമിച്ച ഈ കെട്ടിടങ്ങൾ സാമൂഹികവിരുദ്ധർ നശിപ്പിക്കുകയായിരുന്നു. തുടർന്ന് മലമുകളിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ഒടുവിൽ പഞ്ചായത്ത് തന്നെ ഇടപെട്ട് 10 ലക്ഷം രൂപ അനുവദിച്ച് തകർന്ന കെട്ടിടം പുനഃസ്ഥാപിക്കുകയായിരുന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ച 50 ലക്ഷം ചെലവഴിച്ചാണ് ഇപ്പോൾ ഇവിടെ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. പക്ഷേ കാര്യമായ ഫലം കാണുന്നിെല്ലന്നാണ് ആക്ഷേപം. മലമുകളിലെ ഭൂമി തർക്കവും പദ്ധതിയുടെ മുന്നോട്ടുപോക്കിന് തടസ്സമാകുന്നു. 2003ൽ കൃഷി നശിപ്പിച്ചതിന്റെ പേരിൽ സ്വകാര്യ വ്യക്തി 50 കുരങ്ങുകളെ വിഷം നൽകി കൊന്നിരുന്നു. ഇത് ജനശ്രദ്ധയാകർഷിച്ചതോടെയാണ് മരുതിമല അറിയപ്പെടാൻ തുടങ്ങിയത്.
മരുതിമലയുടെ നല്ലൊരു ഭാഗം പാറമാഫിയകൾ ഖനനം ചെയ്ത് കൊണ്ടുപോയിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ ചുവട്ടിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഉണ്ട്. ഖനനം ചെയ്യുമ്പോൾ പാറക്കഷണങ്ങൾ സ്കൂളിന്റെ മുറ്റത്തും മുകളിലും വീഴുന്നത് പ്രശ്നമായി.ഖനനം നിർത്തിവെക്കാൻ പഞ്ചായത്തും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പാറ മാഫിയകളോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഒടുവിൽ ഇരുവിഭാഗത്തിന്റെയും ഏറ്റുമുട്ടലിനൊടുവിൽ പാറഖനനം നിർത്തിവെപ്പിക്കുകയായിരുന്നു.2007ൽ ഇടത് സർക്കാറിൽ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വമാണ് മരുതിമലയെ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
മലമുകളിൽ 8.5 ഏക്കറിൽ സ്വകാര്യ വ്യക്തികൾക്ക് ഭൂമിയുണ്ടെന്ന വാദവും ഇടക്കാലത്ത് വിവാദമായി. മല അളന്ന് തിട്ടപ്പെടുത്തി സ്വകാര്യ വ്യക്തിക്ക് ഭൂമിയുണ്ടെന്ന് തെളിഞ്ഞെങ്കിലും ഇത് വ്യാജ രേഖയാണെന്നാണ് വെളിയം പഞ്ചായത്തും പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നത്. തീപിടിത്തവും ഭൂമിപ്രശ്നവുമെല്ലാം കൂടിക്കുഴഞ്ഞ് ഇപ്പോൾ മരുതിമലയിൽ പദ്ധതി നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.