കൊട്ടാരക്കര : താലൂക്കിൽ മണ്ണെടുപ്പ് വ്യാപകമായിട്ടും നടപടി എടുക്കാതെ അധികൃതർ. ഒരു മാസം മുമ്പ് തഹസിൽദാർ ഉൾപ്പെടെ നാല് പേരെ അനധികൃതമായി മണ്ണെടുപ്പിന് കൈക്കൂലി വാങ്ങിയതിന്
സസ്പെൻ്റ് ചെയ്തിരുന്നു. എന്നാൽ വെളിയം, മൈലം, വെളിനല്ലൂർ, പവിത്രേശ്വരം, പൂയപ്പള്ളി, എഴുകോൺ എന്നീ പഞ്ചായത്തുകളിൽ അനധികൃത മണ്ണെടുപ്പ് തകൃതിയാണ്. വെളിനല്ലൂർ പഞ്ചായത്തിലെ അടയറയിൽ വയലിന്റെ കരക്ക് മണ്ണിറക്കി നികത്തുകയാണ്. വെളിനല്ലൂർ വില്ലേജ്, കൃഷി ഓഫീസുകളുടെ അടുത്തായാണ് വയൽ നികത്തൽ നടക്കുന്നത്. പരാതി ലഭിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.
ഒരു വർഷത്തിനിടെ കൊട്ടാരക്കര താലൂക്ക് പരിധിയിൽ വലിയ തോതിലാണ് വയൽ നികത്തലും മണ്ണെടുപ്പും നടക്കുന്നത്. മണ്ണെടുത്തതിന് ശേഷം കൂറ്റൻ മലകൾ മഴയിൽ ഇടിഞ്ഞ് വീണിരുന്നു. കൊട്ടാരക്കര - തിരുവനന്തപുരം റോഡിന്റെ വശത്താണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ റോഡ് വശത്തെ മണ്ണെടുത്ത് ഉപേക്ഷിക്കപ്പെട്ട കുന്നുകൾ അപകട ഭീഷണിയിലാണ്. ഈ കുന്നുകളുടെ മുകളിൽ കൃഷിയും നിരവധി വീടുകളും ഉണ്ട്. ശക്തമായ മഴയിൽ കുന്ന് ഇടിയുന്നതിന് ഒപ്പം വീടും നിലം പതിക്കാൻ സാധ്യതയേറെയാണ്. വൻ ദുരന്തമാണ് കൊട്ടാരക്കര താലൂക്ക് പരിധിയിൽ കുന്നിടിക്കൽ മൂലം ഉണ്ടാകാൻ പോകുന്നത്. നിമിഷ നേരം കൊണ്ട് എസ്കവേറ്റർ ഉപയോഗിച്ച് പൊലീസിന് പിടികൊടുക്കാതെ മണ്ണെടുപ്പ് നടക്കുന്നത്. പൊലീസ് പിടിച്ചാൽ തന്നെ ചെറിയവകുപ്പ് ചുമത്തി മണ്ണ് മാഫിയയെ വിട്ടയക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.