കൊട്ടാരക്കര: ജില്ലയിലെ ഹൈവേകൾ കേന്ദ്രീകരിച്ച് രാത്രിസമയം നിർത്തിയിട്ടിരിക്കുന്ന ലോറികളിൽനിന്ന് പണം അപഹരിക്കുന്ന സംഘത്തെ കൊട്ടാരക്കര പൊലീസ് പിടികൂടി. തിരുവനന്തപുരം തോന്നയ്ക്കൽ മംഗലപുരം സമീർ മൻസിലിൽ സ്ഥിരതാമസവും ആറ്റിങ്ങൽ കോരാണിയിൽ എ.വി മന്ദിരത്തിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന ബിനു (46), തിരുവനന്തപുരം തോന്നയ്ക്കൽ രോഹിണിയിൽ അനീഷ് (29) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഒരുമാസമായി ഹൈവേകളിൽ ദീർഘദൂര യാത്ര ചെയ്തുവരുന്ന ചരക്കുവാഹനങ്ങളിൽനിന്ന് പണം അപഹരിക്കുകയായിരുന്നു. രാത്രിയിൽ വാഹനം നിർത്തി ഡ്രൈവറും ക്ലീനറും ഉറങ്ങുന്ന സമയത്താണ് മോഷണം. ഇങ്ങനെ പണം നഷ്ടപ്പെടുന്നതായി നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പല സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലെയും അയൽജില്ലയിലെയും 500 ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ചിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ അന്വേഷണത്തിൽ പ്രതികൾ എത്തിയ വാഹനത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കാണാത്ത രീതിയിലായിരുന്നു മോഷണം.
മോഷണത്തിനായി വാഹനത്തിൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ചിരുന്നതിനാൽ പ്രതികളുടെ താമസസ്ഥലം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, കൊട്ടാരക്കര പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ കഴിഞ്ഞദിവസം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. മോഷണമുതൽ ഉപയോഗിച്ച് ആറ്റിങ്ങൽ കോരാണിയിൽ ബഹുനില ആഡംബരവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. മത്സ്യ മൊത്തവ്യാപാരി എന്ന് പരിചയപ്പെടുത്തിയിരുന്ന ബിനുവിന്റെ പകൽയാത്രകൾ ആഡംബരവാഹനങ്ങളിലായിരുന്നു. രാത്രി മത്സ്യവ്യാപാരി എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ മിനി ലോറിയിൽ സഞ്ചരിച്ചായിരുന്നു മോഷണം. പ്രതികൾ തെക്കൻ ജില്ലകളിൽ ഹൈവേകൾ കേന്ദ്രീകരിച്ച് രാത്രി സമാനരീതിയിൽ നിരവധി മോഷണം നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി വാഹനങ്ങളിൽനിന്ന് ഇത്തരത്തിൽ മോഷണം നടത്തി ബിനു പിടിയിലായിരുന്നു. പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജയകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് പി.കെ, ഹരിഹരൻ, എസ്.സി.പി.ഒ സുനിൽ കുമാർ, സാംസൺ, സി.പി.ഒമാരായ നഹാസ്, രാജേഷ്, സഖിൽ, ശ്രീരാജ്, കിരൺ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.