കൊട്ടിയം: ഭൂമിക്കടിയിലൂടെ പോകുന്ന കെ.എസ്.ഇ.ബിയുടെ 11 കെ.വി യു.ജി കേബിൾ മുറിച്ചു കടത്താൻ ശ്രമം. മോഷ്ടാക്കൾക്ക് ഷോക്കേറ്റതായി സംശയം.
വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് ദേശീയപാതയിൽ ഉമയനല്ലൂർ പട്ടരുമുക്ക് പള്ളിക്കടുത്ത്നിന്ന് 11 കെ.വി ലൈനിന്റെ അണ്ടർ ഗ്രൗണ്ട് കേബിൾ മുറിച്ചുകടത്താൻ ശ്രമം നടന്നത്. കേബിൾ മുറിക്കുന്നതിനിടെ വൈദ്യുതി ബന്ധം ട്രിപ്പ് ആയതിനാൽ വലിയദുരന്തം ഒഴിവായി. മോഷ്ടാക്കളുടേതെന്ന് കരുതുന്ന ലൈറ്ററും കമ്പിയും സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാത്രി പന്ത്രണ്ടരയോടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പട്ടരുമുക്കിൽ കേബിൾ മുറിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിലാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടത് കൂടാതെ വൈദ്യുതി ബോർഡിന് വലിയ നഷ്ടമാണുണ്ടായത്.
ദേശീയപാതയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ കേബിളുകൾ പുറത്തു കാണാവുന്ന നിലയിലാണ്.
ദേശീയപാത പുനർനിർമാണ മറവിൽ കേബിളുകൾ മുറിച്ചുകിടക്കുന്ന സംഘമാകാം പട്ടരുമുക്കിലും കേബിൾ മുറിക്കാൻ ശ്രമം നടത്തിയതെന്നാണ് കരുതുന്നത്. ദേശീയപാതയുടെ നിർമാണം നടക്കുന്ന പല സ്ഥലങ്ങളിലും ടെലിഫോൺ കേബിളുകൾ വ്യാപകമായി മുറിച്ചു കൊണ്ടുപോകാറുണ്ട്.
ടെലിഫോൺ കേബിൾ ആണെന്ന് കരുതിയാകണം 11 കെ.വി വൈദ്യുതി ലൈനിന്റെ കേബിൾ മുറിച്ചത്. കേബിൾ മുറിച്ചാൽ ഷോക്ക് കേൾക്കാതിരിക്കില്ലെന്നാണ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് അധികൃതർ കൊട്ടിയം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.