കൊട്ടിയം: ദേശീയപാതക്കരികിലെ ഓട നിർമാണവും വൈദ്യുതി ലൈൻ സ്ഥാപിക്കലും മൂലം റോഡരികിലെ കെട്ടിടങ്ങൾ അപകട ഭീഷണിയിൽ. ഉമയനല്ലൂർ കടമ്പാട്ടുമുക്ക് ഭാഗത്താണ് ഓട നിർമാണവും ലൈൻ വലിക്കലും ദേശീയപാതക്കായി സ്ഥലം വിട്ടുകൊടുത്തവരെ പ്രതിസന്ധിയിലാക്കിയത്.
അതിർത്തി കല്ലിനോട് ചേർന്ന് ഓടക്കായി കുഴിയെടുക്കുന്നത് പല കെട്ടിടങ്ങളുടെയും അടിസ്ഥാനം വരെ തകരുന്ന നിലയിലാക്കി. ഓടയുടെയും റോഡിന്റെയും കരാർ എടുത്തിട്ടുള്ള കമ്പനിയുടെ ജീവനക്കാരെല്ലാം അന്തർസംസ്ഥാനക്കാരായതിനാൽ പരാതി പറയുവാൻ പോലും ഭൂഉടമകൾക്ക് കഴിയുന്നില്ല.
കടമ്പാട്ടുമുക്ക് ഭാഗത്ത് പുതുതായി വൈദ്യുതി പോസ്റ്റുകൾ സ്ഥാപിച്ചത് കെട്ടിടങ്ങളോട് ചേർന്നാണ്. അതിനാൽ പല കെട്ടിടങ്ങൾക്കും മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇവിടെ റോഡിന്റെ തെക്കുവശത്ത് കെട്ടിടങ്ങൾക്ക് കേടുവരാത്ത രീതിയിൽ ഓട നിർമാണം നടക്കുമ്പോഴാണ് റോഡിന്റെ വടക്കുഭാഗത്ത് ഭൂമി വിട്ടുകൊടുത്തവർക്ക് ഓട നിർമാണവും വൈദ്യുതി ലൈൻ വലിക്കലും ഭീഷണിയാകുന്നത്. ഭൂമി ഏറ്റെടുക്കാനിട്ട കല്ലിന്റെ പരിധിക്കുള്ളിൽനിന്ന് കെട്ടിടങ്ങൾക്ക് തകരാറുണ്ടാകാത്ത രീതിയിൽ ഓട നിർമാണം നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.