കൊട്ടിയം: കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ഇല്ലാതായിട്ട് മാസങ്ങൾ. നിലവിലുണ്ടായിരുന്ന സർക്കിൾ ഇൻസ്പെപെക്ടർ സ്ഥലം മാറി പോയിട്ടും പകരം ആളെ നിയമിക്കാൻ നടപടികളായില്ല. എസ്.ഐക്കാണ് എസ്.എച്ച്.ഒയുടെ ചുമതല.
എസ്.എച്ച്.ഒ ഇല്ലാത്തത് കേസന്വേഷണങ്ങളെ ബാധിച്ചിട്ടുണ്ട്. അവധിക്ക് നാട്ടിലെത്തിയ ജവാനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടാൻ മാസങ്ങൾ കഴിഞ്ഞിട്ടും കണ്ണനല്ലൂർ പൊലീസ് നടപടികളെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ഇന്ത്യൻ മിലിട്ടറിയിൽ പഞ്ചാബ് ഫരീദ്കോട്ടിൽ നായിക് ആയി ജോലി ചെയ്യുന്ന കൊല്ലം നെടുമ്പന നല്ലില ഷിബു ഭവനിൽ ജെ. ഷിബുവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നത്.
സെപ്റ്റംബർ 10ന് രാത്രിയാണ് സംഭവം. നല്ലില പള്ളിവേട്ടക്കാവിനടുത്തെ മെഡിക്കൽ സ്റ്റോറിൽനിന്നും മകന് മരുന്നും വാങ്ങി പോകുന്ന വഴിയിൽ 25ഓളം ആൾക്കാർ സംഘടിച്ചെത്തി ആക്രമിച്ചതായാണ് പരാതി. അക്രമം തടയാനെത്തിയ സമീപത്തെ കടയുടമ സുമേഷ്, ഡെന്നി ഡാനിയേൽ എന്നിവർക്കും പരിക്കേറ്റു.
തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടായ ഷിബു കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ദീർഘകാലം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പിന്നീട് മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി.
നേരിട്ട് അറിയാവുന്ന ഏഴുപേരും കണ്ടാലറിയാവുന്ന ഇരുപതോളം ആൾക്കാരും ചേർന്നായിരുന്നു ആക്രമണം നടത്തിയതെന്ന് രേഖാമൂലം പരാതി നൽകിയിട്ടും മൂന്ന് പ്രതികളെ മാത്രമാണ് പൊലീസ് പിടികൂടിയതെന്ന് പരാതിക്കാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.