കൊട്ടിയം: ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങൾ എങ്ങുമെത്താതെ നീളുന്നതിനെ തുടർന്ന് ബൈപാസ് റോഡിൽ അപകടങ്ങൾ പതിവായി. നിർമാണം നടക്കുന്ന സ്ഥലങ്ങളിലാകെ റോഡിൽ മുഴുവൻ കുണ്ടും കുഴികളും വെള്ളക്കെട്ടുമാണ്. വലിയ ആഴത്തിലും നീളത്തിലുമുള്ള കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ യാത്രികർ കുഴി തിരിച്ചറിയാതെ അപകടത്തിൽപെടുകയാണ്.
മഴക്കാലമായതോടെ ബൈപാസ് റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. റോഡ് തകർന്നുകിടക്കുന്നതിനാൽ ആംബുലൻസുകൾക്ക് വേഗത്തിൽ പോകാൻ കഴിയുന്നില്ല. സർവിസ് റോഡുകളുടെ നിർമാണം എങ്ങും പൂർത്തിയായിട്ടില്ല.
സർവിസ് റോഡുകൾക്ക് സമീപം വലിയ റോഡിനായി കുഴിച്ച കുഴികളിലാണ് വെള്ളം നിറഞ്ഞ് ആറുപോലെ കിടക്കുന്നത്. തെരുവുവിളക്കുകൾ ഇല്ലാത്ത റോഡിൽ ഒരുവിധ അപകട മുന്നറിയിപ്പുകളും സ്ഥാപിച്ചിട്ടില്ല. രാത്രികാലങ്ങളിൽ വാഹനങ്ങൾ വെള്ളക്കെട്ടിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. ദേശീയപാതനിർമാണം ഒരു സ്ഥലത്ത് കേന്ദ്രീകരിക്കാതെ പല സ്ഥലങ്ങളിലായാണ് ഇഴഞ്ഞുനീങ്ങുന്നത്.
സർവിസ് റോഡിനോടുചേർന്നുള്ള ഓടയുടെ നിർമാണപ്രവർത്തനങ്ങളും അനന്തമായി നീളുകയാണ്. കുണ്ടും കുഴിയുമായി വെള്ളവും ചളിയും കയറിക്കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ ഒച്ചിഴയും വേഗത്തിൽ പോകുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. കല്ലുംതാഴം മുതൽ മേവറം വരെയുള്ള ഭാഗത്താണ് ഇങ്ങനെ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.