കൊട്ടിയം: ദേശീയപാതക്കുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികൾ നീണ്ടുപോകാൻ സാധ്യതയേറുന്നു. കോടതികളിലെ കേസുകളും നഷ്ടപരിഹാരത്തിനായി ഭൂവുടമകൾ യഥാർഥ രേഖകൾ സമർപ്പിക്കാത്തതുമാണ് വൈകലിന് കാരണമാകുന്നത്. പള്ളിമുക്കിലെ സ്ഥലമേറ്റെടുപ്പ് വിഭാഗം തഹസിൽദാരുടെ ഓഫിസ് പരിധിയിൽ ശക്തികുളങ്ങര മുതൽ ഇത്തിക്കര വരെ പത്ത് ഹെക്ടറോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
ഇതിൽ അഞ്ചര ഹെക്ടറോളം സ്ഥലം നഷ്ടപരിഹാരം നൽകി ഏറ്റെടുത്തുകഴിഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായെങ്കിലും പലരും പൂർണമായ രേഖകൾ സമർപ്പിക്കാത്തതിനാൽ ഇവർക്ക് നഷ്ടപരിഹാരം നൽകാനാകുന്നില്ല. ഏറ്റെടുക്കാനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഇനിയും നഷ്ടപരിഹാരം വാങ്ങിയിട്ടില്ലാത്ത സ്ഥലത്തിന്റെ ഉടമകൾ അടിയന്തരമായി രേഖകൾ ഹാജരാക്കി നഷ്ടപരിഹാര തുക കൈപ്പറ്റണമെന്നാണ് സ്ഥലം ഏറ്റെടുപ്പ് വിഭാഗം തഹസിൽദാർ ആവശ്യപ്പെടുന്നത്.
സ്ഥലം ഏറ്റെടുക്കലിന് എതിരെ കൊല്ലം, പരവൂർ മുൻസിഫ് കോടതികളിലും ഹൈകോടതിയിലുമായാണ് കേസുകൾ നിലവിലുള്ളത്. ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകളും ഇക്കൂട്ടത്തിലുണ്ട്. ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ദ്രുതഗതിയിലാണ് നടന്നുവരുന്നത്. ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങളും മറ്റും പൊളിച്ചുമാറ്റുന്ന ജോലികളും വേഗത്തിൽ നടക്കുന്നുണ്ട്. കോടതിയിലുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള നടപടികളും ഊർജിതമായി നടക്കുന്നുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.