കൊട്ടിയം: ഹരിതകർമ സേനാംഗങ്ങൾക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് എൽ.ഡി.എഫ് ഭരിക്കുന്ന തൃക്കോവിൽവട്ടം പഞ്ചായത്തിൽ ഭരണപക്ഷ അംഗങ്ങളടക്കം പ്രസിഡന്റിനെ ഓഫിസിനുള്ളിൽ തടഞ്ഞുവച്ചത് സംഘർഷത്തിനിടയാക്കി. പ്രസിഡന്റിനെ പുറത്തെത്തിക്കുന്നതിന് പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ പഞ്ചായത്തംഗം അടക്കം നിരവധി പേർക്ക് പരിക്കേറ്റു.
തൃക്കോവിൽവട്ടം പഞ്ചായത്തിൽ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധുവിനെയാണ് മുൻ പ്രസിഡന്റുമാരും പഞ്ചായത്തംഗക്കളും ഹരിതകർമ സേന അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമടക്കം നൂറോളം പേർ ചേർന്ന് ഉപരോധിച്ചത്.
ഇതിനിടെ പൊലീസ് ഇടപെട്ട് ബലപ്രയോഗത്തിലൂടെ പ്രസിഡന്റിനെ പുറത്തെത്തിച്ചു. പുറത്ത് കാത്തുനിന്ന ബൈക്കിൽ കയറി പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം വിട്ടു. പുറത്തെത്തിക്കുന്നതിന് പൊലീസ് നടത്തിയ ബലപ്രയോഗത്തിനിടെ പഞ്ചായത്തംഗം ഗംഗയ്ക്കും നിരവധി ഹരിത കർമ സേനാംഗങ്ങൾക്കും പരിക്കേറ്റു.
തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 45 ഹരിതകർമ സേനാംഗങ്ങൾക്ക് ഫെബ്രുവരി മാസത്തെ ശമ്പളം നൽകാത്തതാണ് പ്രസിഡന്റിനെ തടഞ്ഞുവെക്കുന്ന രീതിയിലുള്ള പ്രതിഷേധത്തിലെത്തിയത്. മുൻ പ്രസിഡന്റുമാരായ ജലജകമാരി, ആശ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഐ അംഗങ്ങളും കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ്, ആർ.എസ്.പി.അംഗങ്ങളും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ പുതുതായി മൂന്ന് പേരെ ഹരിതകർമ സേനയിൽ എടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
അവലോകനയോഗത്തിൽ സേന അംഗങ്ങളും ഭൂരിപക്ഷം പഞ്ചായത്തംഗങ്ങളും നിയമനത്തെ എതിർത്തതോടെ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ നിന്ന് ഇറങ്ങി പോയിരുന്നു.
തർക്കം മൂർഛിച്ചതോടെയാണ് കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കാതെ പിടിച്ചു വച്ചത്. ഇതിനെതിരെയായി രുന്നു ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.