കൊട്ടിയം: ബൈപാസ് വഴിയുള്ള കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് പ്രയോജനപ്രദമായ കെ.എസ്.ആർ.ടി.സിയുടെ ഫീഡർ സ്റ്റേഷൻ അയത്തിൽ നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതക്കരികിൽ അയത്തിൽ പെട്രോൾ പമ്പിന് എതിർവശത്തായി പ്രവർത്തിക്കുന്ന ഫീഡർ സ്റ്റേഷൻ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവിടെനിന്ന് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ലോഫ്ലോർ ബസാണ് ഫീഡർ സ്റ്റേഷനായി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഫീഡർ സ്റ്റേഷനിൽ ചുമതലക്കാരനായി ഒരു സ്റ്റേഷൻ മാസ്റ്ററുമുണ്ട്. രാത്രിയും പകലും ബൈപാസിൽ ബസിറങ്ങുന്ന യാത്രക്കാർക്കും ബസ് കയറാനെത്തുന്നവർക്കും വിശ്രമിക്കുന്നതിനായുള്ള സംവിധാനവും ഫീഡർ സ്റ്റേഷനായി പ്രവർത്തിക്കുന്ന ബസിലുണ്ട്. രാത്രിയിലെത്തുന്ന യാത്രക്കാരെ നഗരത്തിലെത്തിക്കുന്നതിനായുള്ള ബൈപാസ് റൈഡർ ബസുകളും ഇതിന്റെ ഭാഗമായുണ്ട്.
ദേശീയപാതക്കായി പുതിയ റോഡും സർവിസ് റോഡും നിർമിക്കുന്നതിനാലാണ് ഇത് ഇവിടെനിന്ന് മാറ്റാൻ പോകുന്നത്. യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായ ഫീഡർ സ്റ്റേഷൻ നിലവിൽ പ്രവർത്തിക്കുന്ന സ്ഥലത്തുനിന്ന് മാറ്റിയാലും അയത്തിൽതന്നെ നിലനിർത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അയത്തിൽ നിസാം ഗതാഗത മന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്. അയത്തിൽ ജങ്ഷനടുത്ത് പള്ളിമുക്ക് റോഡിൽ കാഷ്യു കോർപറേഷൻ ഫാക്ടറിക്കടുത്ത് ഫീഡർ സ്റ്റേഷൻ സ്ഥാപിക്കാനുള്ള സ്ഥലമുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.