കൊട്ടിയം: ദേശീയപാത നാലുവരിയാക്കുന്ന ജോലികൾ സജീവമായി തുടരുമ്പോഴും റോഡുവക്കിൽ മാലിന്യം തള്ളുന്ന സംഘങ്ങൾ പിന്മാറുന്നില്ല. ദേശീയപാതയിൽ പ്രധാന മാലിന്യനിക്ഷേപകേന്ദ്രമായി മാറിയ മേവറം ബൈപാസ് ജങ്ഷനിൽ അടുത്തിടെ തള്ളൽ വലിയതോതിൽ വർധിച്ചിട്ടുണ്ട്.
വാഹനയാത്രക്കാരടക്കം മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോവുന്നത്. കൊല്ലം കോർപറേഷൻ പരിധിയിലേക്ക് തിരുവനന്തപുരത്തുനിന്നുള്ള വാഹനങ്ങൾ കടക്കുന്നഭാഗത്താണ് രൂക്ഷഗന്ധം എപ്പോഴും നിറഞ്ഞുനിൽക്കുന്നത്. അറവുശാലകളിൽനിന്നുള്ള മാലിന്യമാണ് ഇവിടെ റോഡരികിലും പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തെ തോട്ടിലുമായി കൊണ്ടിടുന്നത്. ഇവിടെയുണ്ടായിരുന്ന നിരീക്ഷണ കാമറകൾ എങ്ങോട്ട് പോയെന്ന് ആർക്കും അറിയില്ല.
ഇരുട്ടിന്റെ മറവിലുള്ള മാലിന്യ നിക്ഷേപം തടയാൻ ഇവിടെ ആദ്യം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉയരത്തിലുള്ള തൂണ് മാത്രമാണ് ഇപ്പോഴുള്ളത്. ഇതിനടുത്തായി മറ്റൊരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും പലപ്പോഴും പ്രകാശിക്കാറില്ല. രാത്രികാലങ്ങളിലാണ് മേവറത്ത് മാലിന്യ നിക്ഷേപം നടക്കുന്നത്.
ബൈപാസ് ജങ്ഷനിൽ റോഡിനടിയിലൂടെയുള്ള തോട്ടിൽ അറവുമാലിന്യം അഴുകിയ നിലയിൽ കിടക്കുന്നതാണ് ദുർഗന്ധം വമിക്കാൻ കാരണമാകുന്നത്. കോർപറേഷന്റെയും പഞ്ചായത്തിന്റെയും അതിർത്തി പ്രദേശമായ ഇവിടെ പഞ്ചായത്തിലേയോ കോർപറേഷനിലെയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ രാത്രികാലപരിശോധനക്ക് തയാറാകാത്തതിൽ ജനരോഷം ശക്തമാണ്.
ദേശീയപാതയിൽ റോഡരികിൽ പോളയത്തോട് ജങ്ഷന് പടിഞ്ഞാറുവശം മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ചിട്ടുള്ള എയ്റോബിക് ബിന്നിന് സമീപം റോഡിൽ മാലിന്യം കൊണ്ടിടുന്നതും വർധിച്ചിട്ടുണ്ട്. മാലിന്യനിക്ഷേപം നടത്തുന്നവരിൽനിന്നും വലിയ പിഴ ഈടാക്കുമെന്നുകാട്ടി അടുത്തിടെ കോർപറേഷൻ സ്ഥാപിച്ച ബോർഡിന് സമീപം ഇപ്പോൾ മാലിന്യം കുന്നുകൂടുന്ന അവസ്ഥയാണുള്ളത്. മാലിന്യനിക്ഷേപകരെ പിടികൂടാൻ കാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽനിന്നും മാറിയാണ് മാലിന്യനിക്ഷേപം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.