കൊട്ടിയം: കൊല്ലം-ആയൂർ സംസ്ഥാന ഹൈവേയിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു മണ്ണിടിഞ്ഞ് റോഡരികിൽ താഴ്ചയിലുള്ള വീടുകളിലേക്ക് വീഴാൻ തുടങ്ങിയതോടെ പത്തോളം കുടുംബങ്ങൾ അപകടഭീഷണിയിൽ. അഞ്ച് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. റോഡ് വളരെ ഉയരത്തിലുള്ള മുട്ടക്കാവ് ആശാരിപൊയ്ക, നാൽപ്പങ്ങൽ ഭാഗത്താണ് വശങ്ങൾ തകർന്ന് മണ്ണിടിഞ്ഞ് വീടുകൾക്കു മുകളിലേക്ക് വീണുകൊണ്ടിരിക്കുന്നത്. ഇവിടെ റോഡിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ബസുകളും, ഭാരം കയറ്റിയ നൂറുകണക്കിന് ലോറികളും സർവിസ് നടത്തുന്ന റോഡാണിത്. മെറ്റൽ ക്രഷറുകളും സാൻഡ് ഫാക്ടറികളുമുള്ള ഈ ഭാഗത്ത് തമിഴ്നാട്ടിൽ നിന്നു പാറ കയറ്റി നിരവധി ലോറികൾ ദിവസവും വരുന്നുണ്ട്. ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കവും മണ്ണിടിഞ്ഞു വീഴലും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
ബുധനാഴ്ചയും വ്യാഴാഴ്ചയും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നു ഗ്രാമപഞ്ചായത്തംഗം റഹിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആസാദ് മുട്ടക്കാവ്, ആസാദ് നാൽപ്പങ്ങൽ എന്നിവർ സ്ഥലത്തെത്തി. വിവരം കലക്ടർ അടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. കെ.എസ്.ടി.പിയുടെ കീഴിലുള്ള റോഡിൽ കഴിഞ്ഞ ഏതാനും വർഷം മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ റോഡിൽ ടാർ വീപ്പകൾ വെച്ച് റിബൺ കെട്ടി അപകട മുന്നറിയിപ്പ് നൽകിയതല്ലാതെ യാതൊരു പരിഹാരമാർഗങ്ങളും ഉണ്ടായില്ല. അടുത്തിടെ ഇവിടെ താഴ്വശത്തുനിന്നും പരിശോധനക്കെന്ന പേരിൽ എക്സ്കവേറ്റർ ഉപയോഗിച്ച് അധികൃതർ മണ്ണെടുത്തിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ മണ്ണിടിഞ്ഞു വീഴുന്നത്.
മണ്ണിടിച്ചിൽ ആരംഭിച്ചതോടെ 35 അടി താഴ്ചയിലുള്ള ഏതാനും വീട്ടുകാർ അപകടപ്പേടിയിൽ വീട് വിട്ടുപോയി. മണ്ണിടിച്ചിൽ തടയുവാൻ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.