കൊട്ടിയം : മഴപെയ്താൽ വെള്ളക്കെട്ട്, മഴ മാറിയാൽ പൊടി ശല്യം.., യാത്ര ദുരിതപൂർണമായ ദേശിയപാതയിൽ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമായി. ദേശിയപാത നിർമാണം പുരോഗമിക്കുബോൾ സർവീസ് റോഡ് വഴി യാത്ര ചെയ്യുന്നവരുടെ ദുരിതവും വർധിച്ചു.
നിരവധി അപകടങ്ങളാണ് ദിനവും നടക്കുന്നത്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. മഴ പെയ്താലുള്ള വെള്ളക്കെട്ടും ചളിയും കാരണം കുഴികൾ അറിയാൻ പാടില്ലാത്തതാണ് അപകടകാരണം. ബൈപാസ് റോഡിൽ മെഡിസിറ്റിക്ക് അടുത്ത് നിന്ന് മേവറം വരെയുള്ള റോഡ് മഴയായാൽ ചളികൊണ്ട് നിറഞ്ഞ നിലയിലാണ്.
പറക്കുളം മുതൽ കൊട്ടിയം വരെയുള്ള അര കിലോമീറ്റർ ദൂരത്തിലും റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. മഴ മാറിയാൽ പൊടിശല്യമാണ് ദുരിതമാകുന്നത്. പരാതി വ്യാപകമാകുമ്പോൾ കരാർ കമ്പനി ഒരു ദിവസം വെള്ളമൊഴിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടും. കുഴികൾ നിറഞ്ഞു അപകടങ്ങൾ ഉണ്ടാവുമ്പോൾ പൊടിയിട്ട് കുഴിയടക്കും. മഴപെയ്താൽ ഒരു ദിവസത്തിനുള്ളിൽ കുഴികൾ പഴയ രൂപത്തിലാകും. ദേശീയപാത വികസന ഭാഗമായി നിർമിച്ച സർവീസ് റോഡുകളെല്ലാം തകർന്നു കിടക്കുകയാണ്. നിർമാണത്തിലെ അശാസ്ത്രീയത മൂലമുണ്ടായ കുഴികളാണ് സർവീസ് റോഡുകൾ നിറയെ. ദേശീയപാത നിർമാണ ഭാഗമായുള്ള താൽകാലിക സർവീസ് റോഡുകളിലും ഇതേ സ്ഥിതിയാണ്. ദിവസവും പത്തോളം ചെറുതും വലുതുമായ അപകടങ്ങൾ പാതയിൽ നടക്കുന്നതായി പൊലീസ് പറയുന്നു.
അയത്തിൽ മുതൽ പാരിപ്പള്ളി വരെയുള്ള ഭാഗത്ത് മിക്ക സർവീസ് റോഡുകളും പൊട്ടിപ്പൊളിഞ്ഞു. പണി പൂർത്തിയായ ഇടങ്ങളിൽ പുതിയ റോഡ് വഴി വാഹനങ്ങൾ കടത്തി വിടുന്നുണ്ടെങ്കിലും സർവീസ് റോഡിലൂടെയുള്ള യാത്ര ദുരിതമാണ്. ചിലയിടങ്ങളിൽ അപകടക്കുഴി കാണാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വാഹനം വീഴുമ്പോഴാണ് മുമ്പിൽ കുഴിയാണെന്ന വിവരം ഡ്രൈവർ പോലും തിരിച്ചറിയുക. റോഡിലെ കുഴിയും വെളളക്കെട്ടും കാരണം യാത്രക്കാർക്ക് സമയ നഷ്ടവും പണ നഷ്ടവും ഏറെയാണ്. ഇന്ധനം കൂടുതൽ ആവശ്യമായി വരുന്നത് ബസ് അടക്കമുള്ള സർവീസ് വാഹനങ്ങൾക്കും വലിയ നഷ്ടമുണ്ടാക്കുന്നു. പാരിപ്പള്ളി, കൊട്ടിയം, മേവറം, ഉമയനല്ലൂർ എന്നിവടങ്ങളിൽ മിക്ക സമയങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.