കുണ്ടറ: വോട്ടെണ്ണൽ കഴിയുമ്പോൾ ആര് ജയിച്ചാലും കുണ്ടറയിൽ മുന്നണികൾക്കുള്ളിൽ കലാപം ഉറപ്പ്. സി.പി.എമ്മിലെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞതവണ ജയിച്ചത് 30,460 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ്. ഇക്കുറി ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പെന്നാണ് സി.പി.എം കണക്കുകൂട്ടൽ. എന്നാൽ, വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിക്കുകയോ തോൽക്കുകയോ ചെയ്താൽ സി.പി.എമ്മിലും എൽ.ഡി.എഫിലും വലിയകലാപത്തിന് കാരണമാകും. മുന്നണിയിലെ പ്രധാനകക്ഷിയായ സി.പി.ഐക്കും പാർട്ടിയിലെ 'സജീവ നിർജീവ'മായിരുന്ന വിഭാഗത്തിനെതിരെയും വലിയ വിമർശനത്തിനും നടപടിക്കും കാരണമാകും. പാർട്ടിയിലെ ഒരുവിഭാഗം വിഭാഗീയ പ്രവർത്തനം നടത്തിയെന്ന അടക്കംപറച്ചിൽ ഉച്ചത്തിലാവുകയും അത് ചിലർക്കെതിരായ നടപടിയിലേക്ക് നീങ്ങുകയും ചെയ്യും. സി.പി.ഐയും സി.പി.എമ്മിെൻറ പഴി കേൾക്കേണ്ടിവരും. ഇവർ തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യം കൂടുതൽ അകൽച്ചയിലേക്കും പരസ്പര പഴിചാരലിലേക്കും എത്തുകയും ചെയ്യും.
യു.ഡി.എഫിലും സ്ഥിതിക്ക് മാറ്റമുണ്ടാകില്ല. സമീപകാലത്ത് കോൺഗ്രസ് കുണ്ടറയിൽ അവതരിപ്പിച്ച ഏറ്റവും മികച്ച സ്ഥാനാർഥിയായിരുന്നു പി.സി. വിഷ്ണുനാഥ്. കാലങ്ങൾക്ക് ശേഷം പാർട്ടി ചിട്ടയായ പ്രവർത്തനം നടത്തിയ തെരഞ്ഞെടുപ്പുമായിരുന്നു ഇത്. അതിനാൽ തന്നെ ഉറച്ച വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയിലെ ചിലരുടെയും ഘടകകക്ഷിയിലെ ചിലരുടെയും നേതൃത്വത്തിൽ ചില അന്തർധാരകൾ പ്രവർത്തിച്ചത് പ്രവർത്തകർക്കിടയിൽ ചർച്ചയായിരുന്നു. ഇവർക്ക് സാധാരണ പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയില്ലെങ്കിലും തുറന്ന പോരിന് കാരണമാകും. കഴിഞ്ഞതവണ രാജ്മോഹൻ ഉണ്ണിത്താനെ ചെറുതായി വാരിയ കോൺഗ്രസിലെ ചില നേതാക്കൾ ഇക്കുറിയും സംശയനിഴലിലായിരുന്നെങ്കിലും അത് തക്കസമയത്ത് കണ്ടെത്തി പരിഹരിക്കാൻ കഴിഞ്ഞിരുന്നു എന്നാണ് പ്രവർത്തകരുടെ വിശ്വാസം. വോട്ടിലുണ്ടാകുന്ന മാറ്റം ഇത്തരം പ്രവണതകളുടെ സ്വാധീനതയും മറ്റും വിശകലനം ചെയ്യാൻ ഇടയാക്കും.
ബി.ജെ.പി അവരുടെ മികച്ച സ്ഥാനാർഥിയെയാണ് കഴിഞ്ഞതവണ മൽസരിപ്പിച്ചത്. ദേശീയസമിതി അംഗം എം.എസ്. ശ്യാംകുമാറായിരുന്നു അന്നത്തെ സ്ഥാനാർഥി. 20,257 വോട്ടും നേടി. ഇക്കുറി ബി.ജെ.പിയിലെ പ്രധാനികളെ ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നെങ്കിലും അവസാനം പ്രദേശവാസിപോലും അല്ലാത്ത ബി.ഡി.ജെ.എസിലെ വനജ വിദ്യാധരനെയാണ് സ്ഥാനാർഥിയാക്കിയത്. സ്ഥാനാർഥി പ്രഖ്യാപനം വന്ന നിമിഷം മുതൽ ബി.ജെ.പി കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബി.ഡി.ജെ.എസിനെ ബി.ജെ.പി തള്ളുന്ന പോസ്റ്റർ വരെ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും ബി.ജെ.പി പ്രവർത്തകർ സജീവമായിരുന്നില്ല. ഭൂരിഭാഗം ബൂത്തുകളിലും പ്രതിനിധി പോലും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി.ജെ.പി മുപ്പതിനായിരത്തിലേറെ വോട്ട് നേടിയിരുന്നു. ഇത് വല്ലാതെ ഇടിഞ്ഞുപോയാൽ അത് ബി.ജെ.പിക്കുള്ളിലും എൻ.ഡി.എയിലും കലാപത്തിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.