കൊട്ടിയം/കുണ്ടറ: കുണ്ടറയിൽ സ്ഥാനാർഥി സഞ്ചരിച്ച വാഹനത്തിനുനേരെ ദ്രാവകം നിറച്ച കുപ്പി കത്തിച്ചെറിഞ്ഞതായി പരാതി. ആഴക്കടൽ വിവാദത്തിൽ ഉൾപ്പെട്ട ഇ.എം.സി.സി കമ്പനിയുടെ ഡയറക്ടറും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് സ്ഥാനാർഥിയുമായ ഷിജു എം. വർഗീസിന് നേരെ ചൊവ്വാഴ്ച പുലർച്ച ആക്രമണം നടന്നെന്നായിരുന്നു പരാതി.
എന്നാൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തിയ ഗൂഢാലോചന പിടിക്കപ്പെടുകയായിരുന്നെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. ആക്രമിച്ചെന്ന വ്യാജ സാഹചര്യം സ്വയം സൃഷ്ടിച്ച് ഷിജു എം. വർഗീസ് പിടിക്കപ്പെടുകയായിരുന്നു. തന്നെ ആരോ ആക്രമിക്കുന്നെന്ന് പറഞ്ഞ്, പെേട്രാൾ ഒഴിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുകയും സ്പെഷൽ ബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇദ്ദേഹത്തെ എൽ.ഡി.എഫിന് ആക്രമിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തെ പൊളിക്കാനായത് ജനങ്ങളുടെയും നാടിെൻറയും തെൻറയും നന്മയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
അതേസമയം, തന്നെ അപായപ്പെടുത്താനാണ് ശ്രമിച്ചതെന്നും വധഭീഷണി ഉണ്ടായിരുന്നതായും ഷിജു എം. വർഗീസ് പ്രതികരിച്ചു. കുരീപ്പള്ളിയിലെ റബർ തോട്ടത്തിന് സമീപമായിരുന്നു സംഭവം. കത്തുന്ന ഏതോ ദ്രാവകം നിറച്ച കുപ്പി തീ കത്തിച്ചെറിയുകയായിരുന്നു.
വാഹനത്തിെൻറ ഡിക്കിയിൽ കുപ്പി തട്ടി റോഡരികിലേക്ക് വീണ് കത്തിയെങ്കിലും പൊട്ടിത്തെറിക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്നും ഷിജു പറഞ്ഞു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം സംഭവസ്ഥലത്തെത്തുമ്പോൾ റോഡിൽ തീ കത്തുകയായിരുന്നു. സംഭവമറിഞ്ഞ് എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫോറൻസിക്, സയൻറിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി കണ്ണനല്ലൂർ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.