കുണ്ടറ: ഓയൂരില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയ കേസിലെ പൊലീസ് പ്രസിദ്ധീകരിച്ച രേഖാചിത്രത്തോട് സാമ്യമുള്ളയാള്‍ പ്രതിയാണെന്ന് ആരോപിച്ച് വീട്ടിൽ സംഘ്പരിവാർ പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. ശക്തികുളങ്ങര സ്വദേശിയും കുഴിയത്ത് താമസക്കാരനുമായ ഷാജഹാൻ എന്നയാൾ ആണ് ആരോപണവുമായി രംഗത്ത് എത്തിയത്. താൻ പ്രതിയാണെന്ന് വ്യാജ വാർത്ത വന്നതോടെ തന്റെ പേര് മാത്രം നോക്കി സംഘ്പരിവാർ പ്രവർത്തകർ വീട്ടിലെത്തി ആക്രമണം നടത്തി എന്നാണ് ഇയാൾ ആരോപിക്കുന്നത്.
ബാലികയെ തട്ടിക്കൊണ്ടുപോയയാളുടെ രേഖാചിത്രത്തോട് സാദൃശ്യമുണ്ടെന്ന് പറഞ്ഞ് നാട്ടുകാർ ഇയാളെക്കുറിച്ച് പൊലീസിൽ വിവരം നൽകിയിരുന്നു. ഇതിനെതുടർന്ന്, നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ഇയാളെക്കുറിച്ച് അന്വേഷിച്ച് പൊലീസ് വീട്ടിലെത്തി. ഈ കേസിൽ നിരപരാധിയാണെന്ന് വ്യക്തമായതിനെ തുടർന്ന് തുടർനടപടി ഉണ്ടായില്ല. പിന്നാലെയാണ് ഓയൂർ കേസിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് കസ്റ്റഡിയിൽ ആണെന്നും ആരോപിച്ച് വാർത്തകൾ പ്രചരിച്ചത്.
ഈ ആരോപണം നിഷേധിച്ച് ഷാജഹാൻ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. വ്യാജപ്രചാരണത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു. തന്നെ പ്രതിയാക്കിയും പൊലീസ് അറസ്റ്റ് ചെയ്തെന്ന തരത്തിലും വാര്‍ത്ത പരക്കുന്നതിനെതിരെ കുടുംബത്തിനൊപ്പം എത്തിയാണ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. ഇയാള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഷാജഹാന്റെ നിരപരാധിത്വം സംബന്ധിച്ച് കുണ്ടറ സ്റ്റേഷനിലെ എസ്.ഐ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് ശബ്ദസന്ദേശം കൈമാറിയതും വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.