കുണ്ടറ: കാഞ്ഞിരകോട് ഏലായില്‍ ഒരുകാലത്ത് നിറയെ കൃഷിയായിരുന്നു. ഇന്നിവിടെ നാമാത്ര കൃഷിക്കാര്‍ മാത്രമാണുള്ളത്. നിലം വര്‍ഷങ്ങളായി തരിശിടുകയും ചിലര്‍ നിലത്തില്‍ കരകൃഷി നടത്തുകയും ചെയ്തതോടെ നീരോഴുക്ക് തടസ്സപ്പെട്ട് വയലാകെ പുല്ല് കയറി നശിക്കുകയായിരുന്നു.
പ്രകൃതി-ജലസംരക്ഷണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നീരൊഴുക്ക് തടസ്സപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി നീരൊഴുക്ക് സുഗമമാക്കാൻ വന്‍ പദ്ധതിയാണ് കേരളത്തിലാകെ നടക്കുന്നത്. ഇതിന്റെ ഭാഗമായി കുണ്ടറ പഞ്ചായത്തിലും ജലനടത്തം സംഘടിപ്പിക്കുകയും പ്രശ്നങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള സമഗ്ര പദ്ധതി രേഖയും തയാറാക്കി ഉദ്ഘാടനവും നടത്തി. ഇത്രയുമൊക്കെയായിട്ടും കാഞ്ഞിരകോട് ഏലായിലെ ജലം കെട്ടിക്കിടക്കുകയാണ്. മഴ കനക്കുന്നതോടെ ഏലാ മുഴുവനായി വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്.
കാഞ്ഞിരകോട് ക്രിസ്തുരാജ് ജങ്ഷന് സമിപം അലിന്റ് ഗ്രൗണ്ടിന്റെ ഓരത്തുകൂടെയാണ് ഏലായിലെ വെള്ളം ഒഴുകി കായലിലേക്കെത്തുന്നത്. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്നപ്പോള്‍ ഒന്നരകോടിയിലധികം രൂപ അനുവദിച്ച് ഏലാ കരത്തോടിന് മുകളിലൂടെ ഒരു റോഡ് നിർമിച്ചിരുന്നു.
ഇത് അവസാനിക്കുന്നത് വെള്ളം കായലിലേക്ക് ഒഴുകിപ്പോകേണ്ട വലിയ കള്വര്ട്ടിനോട് ചേര്‍ന്നാണ്. റോഡിന്റെ നിർമാണത്തിലെ അപാകതയും നാടത്തോടിന്റെ ഭാഗത്ത് നിർമാണവുമായി ബന്ധപ്പെട്ട് അടിഞ്ഞുകൂടി മണ്ണമാണ് നീരൊഴുക്കിന് തടസ്സം.
കൊല്ലം-തേനി ദേശീയപാതയുടെ കച്ചേരിമുക്ക്-പേരയം റോഡിന് അടിയിലൂടെയാണ് ജലം ഒഴുകിപ്പോകേണ്ടത്. ഈ ഭാഗമാണ് മണ്ണ് മൂടിക്കിടക്കുന്നത്. റോഡിന്റെ മറുഭാഗം പേരയം പഞ്ചായത്തായതിനാല്‍ രണ്ടുപഞ്ചായത്തുകളും ചേര്‍ന്നാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.