കൊല്ലം: മൺട്രോതുരുത്തിനും സാമ്പ്രാണികോടിക്കും ശേഷം കൊല്ലം നഗരപരിധിയിൽ അഷ്ടമുടി കായലോളങ്ങൾക്കിടയിൽ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാകാൻ മേരി ലാൻഡ് ഒരുങ്ങുന്നു. കൊല്ലം കോർപ്പറേഷൻ മീനത്തുചേരി ഡിവിഷനിൽ അഷ്ടമുടി കായലി്ന് ഉള്ളിലായി സ്ഥിതിചെയ്യുന്ന പത്തോളം തുരുത്തുകളിൽ വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തുറക്കുന്നതിനാണ് വഴി തെളിയുന്നത്. ഇതിെന്റ ഭാഗമായാണ് മേരി ലാൻഡ് ഐലൻഡ് കേന്ദ്രീകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ സഞ്ചാരികളെ എത്തിക്കാൻ ധാരണ ആയത്.
മേരി ലാൻഡിന്റെ വിനോദ സഞ്ചാരസാധ്യത പരിശോധിക്കാൻ ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തിയതിനെ തുടർന്നാണ് ധാരണ. ആദ്യഘട്ട പരീക്ഷണം എന്ന നിലയിൽ ലൈസൻസ് ഉള്ള പ്രദേശവാസികളുടെ 10 ബോട്ടുകളിലായി ഇവിടേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് തീരുമാനിച്ചു. മുക്കാട് പള്ളിക്ക് സമീപത്ത് നന്നായിരിക്കും മേരി ലാൻഡിലേക്ക് ബോട്ടുകളിൽ ആളുകളെ എത്തിക്കുക. ഭാവിയിൽ മികച്ച പ്രോജക്ടിനു രൂപം നൽകി മറ്റ് സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ബോട്ടുകളിൽ ആളുകളെ എത്തിക്കാൻ തരത്തിലുള്ള നിലയിലേക്ക് ഇവിടം വികസിപ്പിക്കാൻ ആണ് ആലോചന.
മീനത്ത്ചേരി ഡിവിഷനിൽ നീണ്ടകര പാലത്തിനും കുരീപ്പുഴ പാലത്തിനുമിടയിൽ ജനവാസമുള്ള പത്തോളം ചെറുതുരുത്തുകൾ ഉണ്ട്. ഇതു കൂടാതെ ആണ് മുട്ടോളം പോലും വെള്ളമില്ലാത്ത മേരി ലാൻഡും സമാനമായ വിവിധ തുരുത്തുകളും. ചുറ്റും കണ്ണെത്താദൂരം പരന്നു കിടക്കുന്ന അഷ്ടമുടിയുടെയും കണ്ടൽ ചെടികളുടെയും സൗന്ദര്യം നിറഞ്ഞ എട്ട് ഏക്കറോളമുള്ള മേരി ലാൻഡ് ഇതിനകം നിരവധി യാത്രക്കാരെ ആകർഷിച്ച സ്ഥലമാണ്. എന്നാൽ സാമ്പ്രാണികോടി പോലെ ഇവിടെ സൗകര്യങ്ങളോ യാത്ര ബോട്ടുകളോ ലഭ്യമല്ല. ഇവിടേക്ക് സുരക്ഷിതമല്ലാത്ത രീതിയിൽ ആളുകളെ കൊണ്ടുവരുന്നതും മുമ്പ് വിവാദമായിരുന്നു.
ഇതേ തുടർന്നാണ് ഇവിടം വിനോദസഞ്ചാര സൗഹൃദമാക്കി മാറ്റി സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ ദീപു ഗംഗാധരൻ കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ, ഡി.റ്റി.പി.സി സെക്രട്ടറി എന്നിവർക്ക് അപേക്ഷ നൽകിയത്. കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങൾ കഴിഞ്ഞദിവസം മേരിലാൻഡ് സന്ദർശിച്ച് വിനോദസഞ്ചാര പദ്ധതിക്ക് അനുകൂലമാണെന്ന സമീപനം സ്വീകരിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഡി.ടി.പി.സി, ഇൻലൻഡ് നാവിഗേഷൻ, ജലഗതാഗത വകുപ്പ്, കനാൽ ഓഫിസ്, അഗ്നിരക്ഷസേന, പോലീസ്, പോർട്ട് ഓഫിസ് ഉൾപ്പെടെ വകുപ്പുകളുടെ പ്രതിനിധികൾ മേരി ലാൻഡ് സന്ദർശിച്ചത്. രണ്ട് ഏക്കറോളം സ്ഥലം വൃത്തിയാക്കിയിട്ടുണ്ട്. സാമ്പ്രാണികോടിയേക്കാൾ ഏറെ സാധ്യതകളുള്ള സ്ഥലമാണ് മേരി ലാൻഡ് എന്ന അഭിപ്രായമാണ് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉള്ളത്. സാമ്പ്രാണികോടിയിൽ 2000-3000 ആളുകളെ ഒരു സമയം ഉൾക്കൊള്ളാൻ കഴിയുമ്പോൾ മേരി ലാൻഡിൽ പതിനായിരത്തോളം ആളുകൾക്ക് എത്താനാകും.
പ്രദേശം സുരക്ഷിതമാണെന്ന് കൗൺസിലർ ദീപു ഗംഗാധരൻ പറയുന്നു. മേരി ലാൻഡ് ടൂറിസം പദ്ധതി പൂർണതോതിൽ യാഥാർത്ഥ്യമായാൽ പ്രദേശത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും തൊഴിൽ സാധ്യതകൾ ഉയർന്നുവരും.കൊല്ലം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി മാറാനുള്ള മേരിലാന്റിന്റെ ആദ്യ ചുവടുവെപ്പാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.