ശാസ്താംകോട്ട: റെയിൽ മാറ്റത്തിനുവേണ്ടി റെയിൽവേ ഗേറ്റ് അടച്ചിട്ട് 10 ദിവസമായിട്ടും പണി പൂർത്തിയാക്കാൻ നടപടിയില്ല. ഇതോടെ ജനം വലയുന്നു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം കരാൽ ജങ്ഷനിലെ ഗേറ്റാണ് ഡിസംബർ 18ന് വൈകീട്ട് ആറോടെ അടച്ചത്. പിറ്റേദിവസം ജോലിക്കാരെത്തി ഗേറ്റിൽ വാഹനഗതാഗതത്തിന് സൗകര്യപ്രദമായി സ്ഥാപിച്ചിരുന്ന സ്ലാബുകൾ ഇളക്കിയിട്ട് മടങ്ങി. പിന്നീട് പണികളൊന്നും നടന്നില്ല.
ഇതോടെ വേങ്ങ തെക്ക് ഭാഗത്ത് ഉള്ളവരും തേവലക്കര, ചവറ, പന്മന ഭാഗത്തേക്ക് പൈപ്പ് റോഡ് വഴി പോകേണ്ടവരും റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും ഉൾപ്പെടെ വലയുന്നു. വേങ്ങ തെക്ക് ഭാഗത്തുള്ളവർക്ക് മൈനാഗപ്പള്ളി ശാസ്താംകോട്ട ഭാഗത്തേക്ക് കിലോമീറ്ററുകളോളം സഞ്ചരിച്ച് കാരാളിമുക്ക്, തോപ്പിൽമുക്ക് വഴി പോകേണ്ട അവസ്ഥയാണ്. വെള്ളിയാഴ്ച വീണ്ടും ജോലിക്കാരെത്തിയപ്പോൾ പ്രദേശവാസികൾ പണി നീളുന്നതിൽ പ്രതിഷേധം അറിയിച്ചു.
തുടർന്ന് റെയിൽവേ ജീവനക്കാർ പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഗേറ്റ് അടക്കുന്നത് സംബന്ധിച്ച് റെയിൽവേ അധികൃതർതന്നെ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ 27ന് വൈകീട്ട് ആറിന് തുറക്കും എന്നാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും പണി തീരാൻ ഇനിയും ഒരാഴ്ചയെങ്കിലും കഴിയുന്ന അവസ്ഥയാണ്. പ്രദേശവാസികൾ വിവരം കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്ന് അടിയന്തരമായി പണി പൂർത്തീകരിക്കാൻ എം.പി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.